ന്യൂഡല്‍ഹി: മതസ്ഥാപനങ്ങളും ക്ഷേത്രങ്ങളും സര്‍ക്കാര്‍ നിയന്ത്രിക്കുന്നതെന്തിനെന്ന് സുപ്രീംകോടതി. ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭക്തരെ ബുദ്ധിമുട്ടിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിലാണ് ജസ്റ്റിസ് എസ്.ഐ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം. മതനിരപേക്ഷ രാജ്യത്ത് ക്ഷേത്രഭരണത്തില്‍ സര്‍ക്കാരിന് എത്രത്തോളം ഇടപെടാനാകുമെന്ന് ശബരിമലയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പരാമര്‍ശിച്ചപ്പോള്‍ സുപ്രീംകോടതിയും അത് ശരിവച്ചു.
ശബരിമലയില്‍ ഭരണം നടത്തുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ സര്‍ക്കാരാണ് നിയന്ത്രിക്കുന്നതെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിയമിക്കുന്ന ബോര്‍ഡുകളാണ് രാജ്യത്ത് പലയിടത്തും ക്ഷേത്രങ്ങള്‍ ഭരിക്കുന്നത്. മതനിരപേക്ഷ രാജ്യത്ത് ക്ഷേത്രഭരണത്തില്‍ സര്‍ക്കാരിന് എത്രത്തോളം ഇടപെടാനാകുമെന്ന് അറ്റോര്‍ണി ജനറല്‍ ചോദിച്ചു. അദ്ദേഹത്തിന്റെ വാദം ശരിയാണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
അതേസമയം പുരി ക്ഷേത്രത്തിന്റെ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി അമിക്കസ്ക്യൂറി രഞ്ജിത് കുമാര്‍ അറിയിച്ചു. ക്ഷേത്രത്തിലെത്തുന്ന പല ഭക്തരും വളരെയധികം പ്രയാസം നേരിടുന്നതായും, പലരും പാവപ്പെട്ടവരും നിരക്ഷരരുമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.