ന്യൂ ഡല്‍ഹി: 18 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 91 മണ്ഡലങ്ങളില്‍ ഒന്നാം ഘട്ടത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് തുടക്കമായി. 170,000 പോളിംഗ് ബൂത്തുകളാണ് ഇതിനായി സജ്ജമായിരിക്കുന്നത്. 1300-ഓളം സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇതോടൊപ്പം ആന്ധ്രപ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്.
ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന ചില പ്രമുഖ സ്ഥാനാര്‍ഥികളെ പരിചയപ്പെടാം.
ആന്ധ്രാപ്രദേശിലെ ഖമ്മം മണ്ഡലത്തില്‍ നിന്നും ടിഡിപിയുടെ സിറ്റിംഗ് എംപിയായ നമ നാഗേശ്വര റാവു ആദ്യഘട്ടത്തില്‍ ജനവിധി തേടും. ആന്ധ്രയിലെ തന്നെ പുലിവെണ്ടുള മണ്ഡലത്തില്‍ നിന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡിയും ഇന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. തെലങ്കാനയിലെ നിസാമബാദില്‍ നിന്നും മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ.കവിത മത്സരിക്കുന്നു.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മത്സരിക്കുന്ന മഹാരാഷ്ട്രയിലെ നാഗ്പൂര്‍ മണ്ഡലവും ആദ്യഘട്ട വോട്ടെടുപ്പിലുണ്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്, ഗൗതം ബുദ്ധനഗര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നും കേന്ദ്രമന്ത്രിമാരായ വി.കെ.സിംഗും മഹേഷ് ശര്‍മ്മയും ഇന്ന് തെരഞ്ഞെടുപ്പിനെ നേരിടും. മുസാഫര്‍നഗറില്‍ നിന്നും ബിജെപി എംപി സഞ്ജീവ് ബല്യാന്‍ ആര്‍എല്‍ഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അജിത് സിംഗിനെ നേരിടുന്നു.ഉത്തര്‍പ്രദേശിലെ തന്നെ മറ്റൊരു മണ്ഡലമായ ബാഗ്പതില്‍ അജിത് സിംഗിന്റെ മകന് ജയന്ത് ചൗധരി ബിജെപിയുടെ കേന്ദ്രമന്ത്രിയും സിറ്റിംഗ് എംപിയുമായ സത്യപാല്‍ സിംഗിനെ നേരിടും.ഉത്തരാഖണ്ഡിലെ ഉദ്ദംസിംഗ് നഗറിലാണ് മറ്റൊരു പ്രധാനപ്പെട്ട പോരാട്ടം നടക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് അജയ് ഭട്ടിനെ നേരിടുന്നു.
ഇന്ന ആരംഭിച്ച് മെയ് 19-ന് അവസാനിക്കുന്ന തെരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിലായാണ് നടക്കുക.23-നാണ് ഫലപ്രഖ്യാപനം.