ഗുണ്ടൂര്‍: ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം. തെലുഗ് ദേശം പാര്‍ട്ടിയുടെ ഗുണ്ടകള്‍ പോളിങ് കേന്ദ്രം അടിച്ചു തകര്‍ത്തു. പലയിടങ്ങളിലും ടിഡിപി പ്രവര്‍ത്തകര്‍ വോട്ടിംഗ് തടസ്സപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായതിനു പിന്നാലെയാണ് ഇവര്‍ പോളിംഗ് ബൂത്ത് നശിപ്പിച്ചത്. വെസ്റ്റ് ഗോദാവരിയില്‍ YSR കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു.
ആന്ധ്രയിലെ അനന്ത്പൂരില്‍ സ്ഥാനാര്‍ത്ഥി വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചു. ജനസേന പാര്‍ട്ടി സ്ഥാനാര്‍ത്ഥി മധുസൂദന്‍ ഗുപ്തയാണ് വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചത്. അനന്ദ്പൂരിലെ ഗൂട്ടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ഇയാള്‍. വോട്ട് ചെയ്യാനെത്തിയപ്പോള്‍, വോട്ടിംഗ് യന്ത്രത്തിന് തകരാറുണ്ടെന്ന് ഉദ്യോഗസ്ഥരോട് കയര്‍ത്തതിന് ശേഷമാണ് വോട്ടിംഗ് യന്ത്രം തകര്‍ത്തത്. അതേസമയം പലയിടങ്ങളിലും ബൂത്തുകള്‍ ടിഡിപി പിടിച്ചടക്കി വച്ചിരിക്കുന്നതായി വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തുന്നതെന്നാണ് ടിഡിപി ആരോപണം.