ന്യൂഡല്‍ഹി: യുവാക്കളും കന്നിവോട്ടര്‍മാരും അവരുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രിയുടെ ട്വീറ്റ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിക്കുകയാണ്. അതാത് മണ്ഡലങ്ങളിലെ എല്ലാവരും അവരുടെ സമ്മതിദാന അവകാശം ഉപയോഗപ്പെടുത്തി, വോട്ട് ചെയ്തവരുടെ എണ്ണത്തില്‍ വര്ധനവുണ്ടാക്കണം. യുവാക്കളോടും ആദ്യമായി വോട്ടവകാശം നേടിയവരോടും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്യുകയാണെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റ് ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഇന്ത്യയിലുടനീളമുള്ള 91 നിയോജകമണ്ഡലങ്ങളിലെ 14.21 കോടിയോളം വരുന്ന വോട്ടര്‍മാരാണ് 1,279 സാഥാനാര്ത്ഥികളുടെ വിധി നിര്‍ണ്ണയിക്കുന്നത്. ഏഴ്ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 1.70 ലക്ഷത്തിലധികം പോളിംഗ് ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 7,22,17,733 പുരുഷ വോട്ടര്‍മാരും 6,98,55931 സ്ത്രീകളും 7,764 ട്രാന്സ്ജെന്റര് വോട്ടര്‍മാരും ഇന്ന് വോട്ടവകാശം വിനിയോഗിക്കും.
ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് 17-ാം ലോക്സഭാ തെരഞ്ഞടുപ്പ് നടക്കുന്നത്. മെയ് 23 നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. ആന്ധ്രാപ്രദേശ്, അരുണാചല്‍പ്രദേശ്, ഒഡീഷ, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒപ്പം തന്നെ നടക്കും.