ന്യൂ ഡല്‍ഹി: 2017-ലെ വാര്‍ത്താതലക്കെട്ടുകളില്‍ നിറഞ്ഞ് നിന്നിരുന്ന പേരാണ് പാകിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന് മോചിപ്പിച്ച ഉസ്മ അഹമ്മദ്. 2017-ല്‍ മലേഷ്യയില്‍ വെച്ച് ഒരു പാകിസ്ഥാന് പൗരനുമായി ഉസ്മ പ്രണയത്തിലായി. എന്നാല്‍ പിന്നീട് പുറത്തുവന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതായിരുന്നു.പാകിസ്ഥാനിലെ ഒരു ഒറ്റപ്പെട്ട പ്രദേശമായ ഖയ്ബര്‍ പഖ്തുന്‍ഖ്വയില്‍ ഒരു മാസത്തോളം അയാള്‍ ഉസ്മയെ തടവില്‍ പാര്‍പ്പിച്ചു. നിലവില്‍ ഒരു ബ്യൂട്ടി പാര്‍ലറിന്റെ നടത്തിപ്പുകാരിയാണ് ഉസ്മ അഹമ്മദ്.
2 വര്‍ഷം ഒരുപാട് കഷ്ടതകള്‍ അനുഭവിച്ച ശേഷമാണ് ജീവിതത്തിലെ കയ്പേറിയ ദുരനുഭവത്തില്‍ നിന്നും മുക്തയാവാന്‍ സാധിച്ചത്. പാകിസ്ഥാനിലുണ്ടായ വേദനാജനകമായ അനുഭവങ്ങളാണ് സമാനമായ കഷ്ടതകള്‍ അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുന്കയ്യെടുക്കാന് പ്രചോദനമായത്. ‘പാകിസ്ഥാനില്‍ തടവിലുള്ള സ്ത്രീകളെ സഹായിക്കാന്‍ ‘ഡോട്ടര്‍ ഓഫ് ഇന്ത്യ’ എന്ന് പേരുള്ള ഒരു സന്നദ്ധ സംഘടനയും ഹെല്പ് ലൈന്‍ നമ്പറും തുടങ്ങാന്‍ ആലോചിക്കുന്നുണ്ട്. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായവരോട് പറയാന്‍ ഒന്നേ ഉള്ളൂ. കഴിഞ്ഞ കാര്യങ്ങള്‍ മനസില്‍ നിന്നും കഴുകിക്കളഞ്ഞ് ജീവിതത്തില്‍ പുതിയൊരു അധ്യായം ആരംഭിക്കുക’ എന്ന് പറഞ്ഞ ഉസ്മ, പാകിസ്ഥാനില്‍ നിന്നും മടങ്ങിയെത്തിയ തന്നെ സ്വീകരിക്കാന്‍ ആളുകള്‍ തയ്യാറായിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
തനിക്കുണ്ടായ ദുരനുഭവങ്ങള്‍ മാനസികമായി ഏല്‍പ്പിച്ച മുറിവ് വളരെ വലുതായിരുന്നു. അതില്‍ നിന്നൊക്കെ മുക്തയാകാന്‍ തനിക്ക് 2 വര്‍ഷം വേണ്ടി വന്നു എന്ന് പറയുന്നതിനൊപ്പം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് നന്ദി പറയാനും ഉസ്മ മറന്നില്ല. ‘തനിക്കൊരു രണ്ടാം ജന്മം തന്നത് സുഷമാ സ്വരാജാണ്. അവര്‍ എനിക്ക് സ്വന്തം അമ്മയെപ്പോലെയാണ്. എന്റെ ബ്യൂട്ടി പാര്‍ലറില്‍ വന്നില്ലെങ്കിലും ആശംസകള്‍ നേര്‍ന്നിരുന്നു’- ഉസ്മ അഹമ്മദ് പറഞ്ഞു. പാകിസ്ഥാനിലെ തന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയുടെ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്നും സിനിമയുടെ നിര്‍മ്മാതാവായ രാകേഷ്ജിക്ക് നന്ദി പറയുകയാണെന്നും ഉസ്മ അറിയിച്ചു.