സത്യമപ്രിയം

കെ എം മാണിയും ഡോ. ബാബുപോളും വിടപറയുമ്പോള്‍

സത്യമപ്രിയം - ജികെ സുരേഷ് ബാബു

കേരളം വേനല്‍ച്ചൂടിലേക്കും തിരഞ്ഞെടുപ്പ് ചൂടിലേക്കും കൂപ്പു കുത്തുമ്പോള്‍ ആകസ്മികമായെങ്കിലും രണ്ട് മഹദ് വ്യക്തിത്വങ്ങള്‍ നമ്മെവിട്ടു പോയി. മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായ കെ.എം മാണിയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കേരളത്തിന്റെ നിസ്തുല സാംസ്‌ക്കാരിക മുഖങ്ങളില്‍ ഒരാളുമായ ഡി. ബാബുപോളുമാണ് അവര്‍. ഇരുവരുടെയും വേര്‍പാട് അകാലങ്ങളിലാണ് എന്ന് പറയാന്‍ കഴിയില്ല. പക്ഷേ, നമ്മുടെ സംസ്ഥാനത്തിനുവേണ്ടി, കേരളത്തിനുവേണ്ടി ഇനിയും പലതും ചെയ്യാന്‍ കഴിയുന്നവരായിരുന്നു ഇവര്‍.

സംസ്ഥാന നിയമസഭയില്‍ 13 തവണ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട്, ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായിരുന്ന ബഹുമതിയുമായാണ് കെ എം മാണി എന്ന ‘മാണിസാര്‍’ കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞത്. പ്രായത്തില്‍ കുറഞ്ഞവര്‍ വന്നാല്‍ ‘പറഞ്ഞാട്ടെ, പറഞ്ഞാട്ടെ, മാണിസാര്‍ എന്താ ചെയ്യേണ്ടത്?’ എന്നും പ്രായത്തില്‍ കൂടിയവര്‍ വന്നാല്‍ ‘പറഞ്ഞാട്ടെ, പറഞ്ഞാട്ടെ, കുഞ്ഞുമാണി എന്താ ചെയ്യേണ്ടത്?’ എന്നും ചോദിച്ചിരുന്നു എന്ന് കഥയുണ്ട്. അതേ, മാണിസാറിന് തുല്യരായി ആരുമുണ്ടായിരുന്നില്ല. മാണിസാര്‍ എന്ന് ബഹുമാനത്തോടെ വിളിക്കുന്നവരും അല്ലെങ്കില്‍ കുഞ്ഞുമാണി എന്ന് വാത്സല്യത്തോടെ വിളിക്കുന്നവരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിയമസഭയിലെ രൂക്ഷമായ വാഗ്‌പോരിനിടയില്‍ ശക്തര്‍ ആന്‍ഡ് കൗളും, ‘പ്രീസിഡന്‍സും’ ബ്രിട്ടീഷ് നിയമവും ഉദ്ധരിച്ച് മിച്ചബജറ്റിനെ കമ്മിയാക്കിയും കമ്മി ബജറ്റിനെ മിച്ചമാക്കിയും ഒരു സര്‍ക്കസ്സുകാരന്റെ പാടവത്തോടെ ധനകാര്യവകുപ്പിലും ബില്ലുകളിലും ഞാണിന്മേല്‍ക്കളി നടത്തിയിരുന്ന കെ എം മാണി കേരള രാഷ്ട്രീയത്തിലെ തന്നെ ഒരത്ഭുതപ്രതിഭാസമായിരുന്നു.

സ്വന്തം സമുദായത്തിനുവേണ്ടി, അവരുടെ താല്പര്യങ്ങള്‍ക്കുവേണ്ടി പള്ളിയെയും പള്ളിക്കാരെയും കൂട്ടുപിടിച്ച് ഒന്നിച്ച് അണിനിരത്തി, മുന്നണികളോടും രാഷ്ട്രീയ കക്ഷികളോടും വിലപേശിയും വാദിച്ചും തര്‍ക്കിച്ചും കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ കെ എം മാണി കാട്ടിയ മിടുക്ക് അസാമാന്യമായിരുന്നു. വനഭൂമി കൈയേറിയ കുടിയേറ്റ ക്രിസ്ത്യാനികള്‍ക്കായി കൈയേറ്റ ഭൂമിയ്ക്ക് പട്ടയം വാങ്ങിക്കൊടുക്കാന്‍, അന്യാധീനപ്പെട്ട ആദിവാസിഭൂമി വാങ്ങിയ കുടിയേറ്റക്കാര്‍ക്ക് അനുകൂലമായി ഇരു മുന്നണികളെയും ഒരുപോലെ സംഘടിപ്പിച്ച് ആദിവാസിഭൂമി വീണ്ടെടുക്കല്‍ നിരോധനനിയമം കൊണ്ടുവരാനും അംഗീകരിപ്പിക്കാനും ഒക്കെ കെ എം മാണിക്ക് കഴിഞ്ഞു. മൂന്നാറിലെയും മതികെട്ടാനിലെയും മാത്രമല്ല, കേരളത്തിലങ്ങോളമിങ്ങോളം നടന്ന ഇത്തരം സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ സ്വന്തം സമുദായത്തിന്റെയും പാര്‍ട്ടിയുടെയും താല്പര്യങ്ങള്‍ക്കനുസരിച്ച് ചരടു വലിച്ചത് കെ എം മാണിയായിരുന്നു.

വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് തങ്ങളുടേതെന്ന് പ്രഖ്യാപിച്ച്, മുന്നണിമാറ്റം ഉണ്ടാകുമ്പോള്‍ സമുദായ താല്പര്യത്തിന്, പ്രാദേശിക താല്പര്യത്തിന് അനുസൃതമായി ഏത് മുന്നണിയിലും തങ്ങളുടെ ആളെ എത്തിക്കാനുള്ള കരവിരുത് കെ എം മാണിക്ക് ഉണ്ടായിരുന്നു. കേരളാ കോണ്‍ഗ്രസ്സിന്റെ പിളര്‍പ്പ് വളര്‍ച്ചയുടെ സൂചനയാണെന്ന നിലപാടുമായി പിളര്‍പ്പിനെ ന്യായീകരിച്ച അദ്ദേഹം അവസാനം കേരളാ കോണ്‍ഗ്രസ് സംസ്‌ക്കാരമുള്ളവര്‍ ഒന്നിച്ചു ചേരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് നടക്കാതെ പോയി. പതിമൂന്ന് തവണ നിയമസഭാംഗമായ മാണിക്കു മേല്‍ ബാര്‍ക്കോഴ കേസിന്റെ ആരോപണം കരിനിഴല്‍ വീഴ്ത്തിയെങ്കിലും കുറച്ചുകാലം യു ഡി എഫില്‍ നിന്നുള്ള വിട്ടുപോക്കില്‍ അത് ഒതുങ്ങി. കെ എം മാണി എന്ന രാഷ്ട്രീയ നേതാവ് സൃഷ്ടിച്ച പ്രഭാവലയത്തിലാണ് കേരളാ കോണ്‍ഗ്രസ് എന്ന കക്ഷിയുടെ രാഷ്ട്രീയ നിലനില്‍പ്പ്. കെ എം മാണി അനുവര്‍ത്തിച്ചിട്ടുള്ള രാഷ്ട്രീയ കൗശലവും കുശാഗ്രബുദ്ധിയും ആരെയും ഒപ്പം നിര്‍ത്തി കാര്യം നേടാനുള്ള നയചാതുര്യവും അദ്ദേഹത്തിന്റെ പിന്‍മുറക്കാരായി പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തുന്നവര്‍ക്ക് ഉണ്ടോ എന്ന കാര്യം സംശയമാണ്. പഴയ കെ ടി പിയും സോഷ്യലിസ്റ്റ് പാര്‍ട്ടിയും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും ഒക്കെ കാലത്തിന്റെ അനന്തവും അനുപേക്ഷണീയവുമായ മഹാപ്രവാഹത്തില്‍ അലിഞ്ഞുചേര്‍ന്ന് ഇല്ലാതായതുപോലെ കേരളാ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനവും ആ വഴിയിലേക്ക് തന്നെയാണ് നീങ്ങുന്നത്.

മാര്‍ജ്ജാരപാദനായ ബാബുപോള്‍

കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് സി പി എമ്മുകാര്‍ ഇ എം എസ്സിന്റെയും സി പി ഐകാര്‍ സി അച്യുതമേനോന്റെയും കോണ്‍ഗ്രസ് ഐ ഗ്രൂപ്പുകാര്‍ കരുണാകരന്റെയും എ ഗ്രൂപ്പുകാര്‍ ഉമ്മന്‍ചാണ്ടിയുടെയും പേര് പറഞ്ഞു. ഈ മൂന്നുപേര്‍ക്കും ഒപ്പം പ്രവര്‍ത്തിച്ച ഡി ബാബുപോള്‍ ഒരിക്കല്‍ എഴുതി, ‘അത്യന്തം അപ്രതീക്ഷിതമായി അധികാരത്തില്‍ വരികയും അധികാരത്തിന്റെ ഇടനാഴികളിലൂടെ മാര്‍ജ്ജാരപാദനായി നടന്നുപോവുകയും ഒടുവില്‍ അകാമിതയാല്‍ അധികാരം ഉപേക്ഷിച്ചു പോകുമ്പോള്‍ അകൃഷ്ണകര്‍മ്മാവായി അറിയപ്പെടുകയും ചെയ്ത അനപവാചന പ്രതിഭയായിരുന്നു അച്യുതമേനോന്‍’ എന്ന്. ഡോ. ബാബുപോളിന്റെ അച്യുതമേനോനെ കുറിച്ചുള്ള ഈ പരാമര്‍ശം ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ യോജിക്കുക അദ്ദേഹത്തിനു തന്നെയായിരുന്നു. കേരളത്തിലെ മിക്ക മുന്നണി സര്‍ക്കാരുകളുടെയും കീഴില്‍ സുപ്രധാന വകുപ്പുകള്‍ വഹിച്ച അദ്ദേഹത്തിനെതിരെ ഒരിക്കല്‍ പോലും അഴിമതിയാരോപണം ഉയര്‍ന്നില്ല. സ്വാധീനങ്ങള്‍ക്ക് വഴങ്ങിയിട്ടില്ലെന്നോ, ശുപാര്‍ശകള്‍ കേട്ടിട്ടില്ലെന്നോ ഇതിന് അര്‍ത്ഥമില്ല. അധികാരത്തിന്റെ ഇടനാഴികളില്‍ അഴിമതിയുടെ കാല്പാദങ്ങള്‍ അദ്ദേഹത്തിന്റേതായി പതിക്കാന്‍ അനുവദിച്ചിരുന്നില്ല. ഒാരോ കര്‍മ്മത്തിലും സ്വഭാവിക നീതിയുടെയും സത്യത്തിന്റെയും കസവുനൂലിഴയാണ് ബാബുപോള്‍ നെയ്തുചേര്‍ത്തത്. സംസ്‌കൃതത്തിലും ഭാരതീയ സംസ്‌കാരത്തിലും ലത്തീന്‍ ഭാഷയിലും അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. ക്രിസ്തീയ മതവിശ്വാസിയും യാക്കോബായ-സുറിയാനി സഭയിലെ കോര്‍ എപ്പി സ്‌കോപ്പയുടെ മകനും ആയിരുന്നിട്ടും വിശ്വാസത്തോടൊപ്പം ഭാരതത്തിന്റെ സംസ്‌കാരത്തോടും മൂല്യങ്ങളോടും അദ്ദേഹം പുലര്‍ത്തിയ അടുപ്പം അത്ഭുതാവഹമായിരുന്നു.

സഭയിലെ പരമോന്നത ബഹുമതികള്‍ തേടിയെത്തിയെങ്കിലും സഭാവിശ്വാസി എന്ന നിലയിലോ ഇടയന്റെ കുഞ്ഞാട് എന്ന നിലയിലോ പ്രവര്‍ത്തിക്കുന്നതിനു പകരം മാനവികതയുടെയും സംസ്‌കാരത്തിന്റെയും നാനാ ജാതി മതസ്ഥരോടും ഒരേപോലെ പെരുമാറുന്ന സര്‍വ്വതല സ്പര്‍ശിയായ ഒരു വ്യക്തിത്വം അദ്ദേഹം രൂപപ്പെടുത്തി. സെക്രട്ടറിയേറ്റിലെ കൂടിക്കിടക്കുന്ന ഫയല്‍ക്കൂമ്പാരത്തില്‍ നിന്ന് ജീവിതഗന്ധിയായ നര്‍മ്മവും എഴുത്തും അദ്ദേഹം സ്വായത്തമാക്കി. മികച്ച പ്രഭാഷകനും വാഗ്മിയും പൊതുപ്രശ്‌നങ്ങളില്‍ സിവില്‍സര്‍വ്വീസിന്റെ മൗഢ്യ ആലസ്യങ്ങള്‍ക്ക് അതീതമായി സാധാരണക്കാരന്റെ ഉപ്പു പുരണ്ട കണ്ണീര്‍ കാണാനും ബാബുപോളിന് കഴിഞ്ഞു. ഭാരതീയ സംസ്‌കാരത്തിന്റെ ആരാധകനും പ്രചാരകനുമായിരുന്ന അദ്ദേഹം വിശ്വാസത്തിന്റെ വേലിക്കെട്ടിന് അപ്പുറത്തേക്ക് അതിന്റെ പ്രചാരകനായി മാറി. വേദവും വേദാന്തവും ഉപനിഷത്തുക്കളും ഇതിഹാസങ്ങളും പുരാണങ്ങളും പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും എടുത്ത് അമ്മാനമാടാന്‍ കഴിഞ്ഞ പ്രതിഭാശാലിയായിരുന്നു അദ്ദേഹം. മതപുരോഹിതര്‍ക്കുപോലും കഴിയാത്ത രീതിയില്‍ സരളമായ ബൈബിള്‍ നിഘണ്ടു വേദരത്‌നാകരം എന്ന പേരില്‍ സംഭാവന ചെയ്തതും അദ്ദേഹമായിരുന്നു. ഔദ്യോഗിക ജീവിതത്തിനിടയില്‍ തന്നെ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പരമേശ്വര്‍ജിയുമായി ഊഷ്മളമായ ഒരു വ്യക്തിബന്ധം ഉടലെടുത്തു. ഒരുപക്ഷേ ആര്‍ എസ് എസ്സിനെ കുറിച്ച് കൂടുതല്‍ അറിയാനും ആര്‍ എസ് എസ്സിന്റെയും പരിവാര്‍ പ്രസ്ഥാനങ്ങളുടെയും വേദികളില്‍ എത്താനും ഡോ. ബാബുപോള്‍ മടിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധകനാണ് താനെന്ന് തുറന്നുപറഞ്ഞ ഡോ. ബാബുപോള്‍ ഈ തിരഞ്ഞെടുപ്പില്‍ മോദി അധികാരത്തില്‍ വരണമെന്ന് തുറന്നടിക്കാന്‍ മടികാട്ടിയതുമില്ല. കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് സമിതിയില്‍ മുഖ്യരക്ഷാധികാരിയാകാന്‍ വൈമനസ്യം കാട്ടിയതുമില്ല. സര്‍വ്വീസില്‍ നിന്ന് വിരമിച്ചതിനുശേഷം പരമേശ്വര്‍ജിയുമായുള്ള സൗഹൃദം കൂടുതല്‍ ശക്തമായി. മണിക്കൂറുകളോളം പരമേശ്വര്‍ജിയുമായി ചര്‍ച്ച നടത്താന്‍ സമയം കണ്ടെത്തി. അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കുമ്പോള്‍ 2001 ല്‍ സ്വയം വിരമിച്ചാണ് അദ്ദേഹം തദ്ദേശസ്വയംഭരണ ഓംബുഡ്‌സ്മാന്‍ ആയത്. ഇ കെ നായനാരാണ് അദ്ദേഹത്തെ ഓംബുഡ്‌സ്മാനായി നിയോഗിച്ചത്. പിന്ീട് എ കെ ആന്റണി അധികാരത്തില്‍ എത്തിയപ്പോള്‍ ഓംബുഡ്‌സ്മാന്‍ പദവിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ട അദ്ദേഹം ചീഫ്‌സെക്രട്ടറിയാകാതെ പടിയിറങ്ങിയത് അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്, ‘ദു:ഖം അച്യുതാനന്ദനാല്‍ വേട്ടയാടപ്പെടുകയും നായനാരാല്‍ ഓംബുഡ്‌സ്മാനായിരുന്നപ്പോള്‍ ഐ എ എസ്സില്‍ നിന്ന് പുറത്താക്കപ്പെടുകയും കെ എം മാണിയുടെ പ്രേരണയാല്‍ ഏ കെ ആന്റണിയാല്‍ പിരിച്ചുവിടപ്പെടുകയും ചെയ്തതെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.

വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഒരുപോലെ മൂല്യങ്ങളും മൂല്യബോധങ്ങളും വെച്ചുപുലര്‍ത്തിയിരുന്ന താപസനിഷ്ഠയായിരുന്നു ഡോ. ബാബുപോളിന്റേത്.

ജികെ സുരേഷ് ബാബു

ജനം ടിവി ചീഫ് എഡിറ്റർ

185 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close