തൃശ്ശൂര്‍: സ്വന്തം വീട്ടില്‍ വിഷുക്കണിവച്ച് പുലര്‍ച്ചെ കണി കാണ്ടുണരുന്നതാണ് തന്റെ ശീലമെന്ന് തൃശ്ശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം മൂലം വീട്ടില്‍ കണി ഒരുക്കി കാണാനായില്ല. അതുകൊണ്ട് തന്നെ തിരുവമ്പാടി ക്ഷേത്രത്തിലെത്തിയാണ് കണികണ്ടത്.
രാവിലെ എഴുന്നേറ്റ് കുളിയും പ്രഭാതകര്‍മ്മങ്ങളുമെല്ലാം നടത്തിയത് കണ്ണ് തുറക്കാതെ ആണെന്നും നഗരത്തിലെ ഹോട്ടലില്‍ നിന്ന് അമ്പലത്തില്‍ എത്തുംവരെ താന്‍ കണ്ണുതുറന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവാമ്പാടി ഉണ്ണിക്കണ്ണനെ കണ്ടാണ് താന്‍ കണ്ണ് തുറന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിനുവേണ്ടി താന്‍ തന്റെ ‘ഹൃദയക്കണ്ണ്’ സമര്‍പ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിലെ ബിജെപി പ്രവര്‍ത്തകര്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നും ഈ ഊര്‍ജ്ജം വര്‍ദ്ധിച്ചു വര്‍ദ്ധിച്ച് ഒരു നല്ല ക്ലൈമാക്സിലേക്ക് എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.