ആലപ്പുഴ: കഞ്ചാവുമായി എക്സൈസ് ഉദ്യോഗസ്ഥന്റെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ യുവാവ് പിടിയിലായി. ആലപ്പുഴ കഞ്ഞിക്കുഴി മൻസീലിൽ മാഹീനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇരുചക്രവാഹന യാത്രികരോട് ലിഫ്റ്റ് ചോദിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി.
തിരഞ്ഞെടുപ്പ് പ്രമാണിച്ച് നിരീക്ഷണങ്ങൾക്കായി നിയോഗിക്കപ്പെട്ട എക്സൈസ് ഷാഡോ സംഘാംഗത്തിന്റെ ബൈക്കിന് ഇയാൾ അബദ്ധത്തിൽ കൈ കാണിക്കുകയായിരുന്നു.
മാഹിൻ വാഹനത്തിൽ കയറിയ ശേഷം കഞ്ചാവിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനമോടിച്ച എക്സൈസ് സംഘാംഗം വാഹനം നിർത്തി. തുടർന്ന് പ്രതിയെ പരിശോധിച്ച ശേഷം പട്രോളിംഗിലുണ്ടായിരുന്ന എക്സൈസ് സ്പെഷ്യൽ സ്ക്വാഡിനെ വിളിച്ചു വരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.