ന്യൂഡൽഹി: മുസ്ലിം പള്ളികളിൽ സ്ത്രീകൾക്കും ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
വിഷയത്തിൽ മഹാരാഷ്ട്ര സ്വദേശികളായ മുസ്ലീം ദമ്പതികൾ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുക. യസ്മീജ് സുബെർ അഹമ്മദ് പീർസാദെ, സുബെർ അഹമ്മദ് പീർസാദെ തുടങ്ങിയവരാണ് ഹർജിക്കാർ.
സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. സ്ത്രീകൾ പള്ളികളിൽ പ്രവേശിച്ച് ആരാധന നടത്തരുതെന്ന് പ്രവാചകൻ മുഹമ്മദ് നബിയോ വിശുദ്ധ ഖുറാനോ ഒരിടത്തും പറയുന്നില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ഖുറാൻ സ്ത്രീ-പുരുഷ വിവേചനത്തെ സാധൂകരിക്കുന്നില്ല. അത് വിശ്വാസത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. എന്നാൽ ഇന്ന് ഇസ്ലാം സ്ത്രീവിരുദ്ധമായ ഒരു മതമായി മാറിയിരിക്കുകയാണെന്നും ഹർജിക്കാർ വാദിച്ചു.
നിലവിൽ ചില ജമാ അത്തെ ഇസ്ലാമി പള്ളികളിലും മുജാഹിദ് ആരാധനാലയങ്ങളിലും മാത്രമാണ് സ്ത്രീകൾക്ക് പ്രവേശനവും ആരാധനയ്ക്ക് അനുവാദവുമുള്ളത്. പ്രബലമായ സുന്നി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളികളിൽ സ്ത്രീകൾക്ക് വിലക്കുണ്ട്.
പള്ളികളിലെ ആരാധനയിൽ സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയിൽ വിശദമാക്കുന്നുണ്ട്.കേന്ദ്ര വഖഫ് കൗൺസിൽ,മുസ്ലീം വ്യക്തിനിയമ ബോർഡ് എന്നിവ ഉൾപ്പെടെ ആറു പേരാണ് എതിർകക്ഷികൾ.