പാരീസ്: ഫ്രാൻസിലെ പ്രസിദ്ധമായ നോട്ടർഡാം പള്ളിയിൽ വൻ തീപിടിത്തം. മേൽക്കൂരക്കും മുഖ്യ മിനാരത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചു. തീ കെടുത്തൽ അസാദ്ധ്യമാണെന്ന് ഒരു ഘട്ടത്തിൽ തോന്നിയിരുന്നുവെങ്കിലും അഗ്നി രക്ഷാസേനയുടെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ തീ ഒരു വിധം നിയന്ത്രണ വിധേയമായതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.
തീ നിയന്ത്രണ വിധേയമാക്കാൻ സാദ്ധ്യമായതെല്ലാം ചെയ്തു വരുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മനുവൽ മക്രോൺ അറിയിച്ചു. ഇന്നത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയ അദ്ദേഹം അടിയന്തിര പ്രാധാന്യത്തോടെ സാഹചര്യം കൈകാര്യം ചെയ്തു വരുന്നു.
ആളപായാമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഫ്രാൻസിലെ ഏറ്റവും പ്രധാനപ്പെട്ട നിർമ്മിതിയാണ് നോട്ടർഡാം കത്തീഡ്രൽ. ഇത് പന്ത്രണ്ടാം നൂറ്റാണ്ടിൽ പണികഴിപ്പിക്കപ്പെട്ടതാണ്. ലോകപ്രശസ്ത ഫ്രഞ്ച് സാഹിത്യകാരൻ വിക്ടർ ഹ്യൂഗോയുടെ ‘നോട്ടർഡാമിലെ കൂനൻ’ എന്ന നോവലിന്റെ പശ്ചാത്തലമായതിലൂടെ ലോകത്താകമാനമുള്ള വായനക്കാരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ആരാധനാലയമാണ് നോട്ടർഡാം കത്തീഡ്രൽ.