ന്യൂഡല്‍ഹി : ടിക് ടോക്കിനു നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ടിക് ടോക് നിരോധിക്കാനുള്ള മദ്രാസ് ഹൈക്കോടതിയുടെ വിധിയ്ക്ക് സ്റ്റേ അനുവദിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് നീക്കം ചെയ്യാനുള്ള നിര്‍ദ്ദേശം നല്‍കാനുള്ള തീരുമാനം.
ഐ.ടി മന്ത്രാലയം ഗൂഗിളിനും ആപ്പിളിനും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.
അശ്ലീലത പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി ടിക് ടോക് നിരോധിക്കണമെന്ന ഉത്തരവിറക്കിയത്. അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ മുത്തുകുമാര്‍ നല്കിയ പൊതുതാല്പര്യഹര്ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
കുട്ടികളുടെ സുരക്ഷയ്ക്ക് പോലും ടിക് ടോക് ഭീഷണിയാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ടിക് ടോക് നിരോധിക്കാനും,ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന വഴികള്‍ അടയ്ക്കാനും കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയത്.
വിധിക്കെതിരെ ആപ്പ് ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചതാണ് നടപടികള്‍ വൈകാന്‍ കാരണം. പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്ന ടിക് ടോക് കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്നും മാദ്ധ്യമങ്ങള്‍ ടിക് ടോക് വീഡിയോകള്‍ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ പല അപകടങ്ങളും മുന്‍പും ഉണ്ടായിട്ടുണ്ട്. ടിക് ടോക് ചെയ്യുന്നതിനിടയില്‍ സുഹൃത്തിന്റെ തോക്കില്‍ നിന്നും വെടിയുതിര്‍ന്ന് കഴിഞ്ഞദിവസവും ഒരു യുവാവ് മരണപ്പെട്ടിരുന്നു.