UAE

ഏപ്രിൽ 24 മുതൽ 30 വരെ നടക്കുന്ന അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിനൊരുങ്ങി അതിഥി രാഷ്ട്രമായ ഇന്ത്യ.

ആയിരം ചതുരശ്രയടി വലിപ്പത്തിൽ അതിവിശാലമായ പവലിയനാണ് ഇത്തവണ ഇന്ത്യ ഒരുക്കുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രശസ്തരായ എഴുത്തുകാർ അബുദാബി അന്താരാഷ്ട്ര  പുസ്തകോത്സവത്തിനെത്തും.

സാഹിത്യത്തിന്റെയും കലയുടെയും സംസ്കാരത്തിന്റെയും ആഘോഷമായിരിക്കും ഇതെന്ന് മനാറത് അൽ സാദിയാതിൽ പുസ്തകോത്സവത്തെക്കുറിച്ച് വിശദീകരിക്കാൻ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിത പാന്ഥ് പറഞ്ഞു. യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ കരുത്ത് പകരാൻ ഇതുപോലെയുള്ള സാംസ്കാരികമായ ഐക്യപ്പെടൽ സഹായിക്കുമെന്നും അവർ പറഞ്ഞു.

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഖൂനി വൈശാഖി എന്ന കവിതയുടെ ഇംഗ്ലീഷ് പരിഭാഷയുമായി യു.എ.ഇ ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരിയും പുസ്തകോത്സവത്തിൽ സജീവമാകും.

എഴുത്തുകാരായ പ്രീതി ഷേണായ്, ദീപക് ഉണ്ണികൃഷ്ണൻ, മനോജ് ദാസ്, മലയാളത്തിൽ നിന്നും ഇന്ദു മേനോൻ, ഡോ: എസ്.ശാരദക്കുട്ടി തുടങ്ങിയവർ  പുസ്തകമേളയുടെ ഭാഗമാകും. ഇതിന് പുറമെ ഇന്ത്യയിൽ നിന്നുള്ള നൃത്ത സംഗീത രംഗങ്ങളിലെ പ്രമുഖരുടെ നേതൃത്വത്തിലുള്ള പരിപാടികളും ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ മേളയും നടക്കും. യുക്രെയ്ൻ, ചെക് റിപ്പബ്ലിക്, എസ്തോണിയ, മാൾട്ട, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ ആദ്യമായി ഇത്തവണ പുസ്തകോത്സവത്തിന്റെ ഭാഗമാകും.

മേളയിലെ എല്ലാ സ്റ്റാളുകളും വിറ്റുപോയതായും നിരവധി പ്രസാധകർ ഇപ്പോഴും അവസരത്തിന് കാത്ത് നിൽക്കുകയാണെന്നും അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് അധികൃതർ വ്യക്തമാക്കി. ലോക പ്രശസ്തരായ ഗ്രന്ഥകർത്താക്കളും കലാകാരന്മാരും  ഇത്തവണത്തെ മേളയിൽ പങ്കെടുക്കും.

0 Shares
Back to top button
Close