തിരുവനന്തപുരം: ക്ഷേത്രാചാരങ്ങള്‍ ലംഘിച്ചും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയുമുള്ള സിപിഎം നിലപാട് തുടരുന്നു. മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ കാട്ടാക്കട കാട്ടാല്‍ ദേവീ ക്ഷേത്രത്തിലെ നാമജപം നിര്‍ത്തിവെപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ക്ഷേത്ര ട്രസ്റ്റിനെതിരേ പ്രതികാര നീക്കവുമായി സിപിഎം . ക്ഷേത്ര ഭാരവാഹികള്‍ക്കെതിരേ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാക്കള്‍ ഡിജിപിക്കും തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്കി.
ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുഖ്യമന്ത്രി ക്ഷേത്രത്തിലെ നാമജപത്തിനെതിരെ രംഗത്തെത്തിയത് വിവാദമാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കവുമായി സിപിഎം രംഗത്തെത്തുന്നത്. ഉച്ചഭാഷിണിയിലൂടെ നാമജപം ഉയര്‍ന്നപ്പോള്‍ പ്രകോപിതനായ പിണറായുടെ നിര്‍ദേശപ്രകാരം ക്ഷത്രത്തിലെത്തിയ സിപിഎം നേതാക്കള്‍ വൈദ്യുതി ബന്ധം വിഛേദിക്കുകയും ഉച്ചഭാഷിണിയിലൂടെ ഉയര്‍ന്ന നാമജപ ശബ്ദം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഉത്സവത്തിന്റെ ഭാഗമായാണ് ക്ഷത്രത്തില്‍ നാമജപം നടന്നത്.
മുഖ്യമന്ത്രിയുടെ പൊതുയോഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.പരിപാടി നടക്കുന്ന സ്ഥലത്തെ ഒരുക്കങ്ങള്‍ ചെയ്യേണ്ട പോലീസ് മനപൂര്‍വം കൃത്യവിലോപം നടത്തിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ വരണാധികാരി ഡിജിപി എന്നിവര്‍ക്ക് സിപിഎം നേതാവ് വി ശിവന്‍കുട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.