സത്യമപ്രിയം

കോടിയേരിയും പിണറായിയും ഒരു സന്യാസിയുടെ പിതാവിനെ സ്മരിക്കുമ്പോള്‍

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി കാഷായമിട്ട ആര്‍ എസ് എസ്സുകാരന്‍ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രണ്ടിടത്തായി പറഞ്ഞു. കോടിയേരി സ്വാമി ചിദാനന്ദപുരിയുടെ പൂര്‍വ്വാശ്രമത്തിലെ പേരും അദ്ദേഹത്തിന്റെ പിതാവിന്റെ പേരും കൂട്ടിച്ചേര്‍ത്താണ് പത്രസമ്മേളനം നടത്തിയത്. കോടിയേരി ബാലകൃഷ്ണന്റെ മര്യാദയില്ലാത്ത ഈ നടപടി ഋഷിതുല്യനായ ആ സന്യാസിവര്യനെ വേദനിപ്പിക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി. കോടിയേരി ബാലകൃഷ്ണന്റെ പിതാവിനെക്കുറിച്ച് പരാമര്‍ശിച്ച് അദ്ദേഹം മറുപടി പറയുമെന്നായിരുന്നു പ്രതീക്ഷയെങ്കില്‍ അതും അസ്ഥാനത്താണ്.

കണ്ണൂര്‍ ജില്ലയില്‍ കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണി കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായാണ് നമ്മുടെ സഖാവ് ബാലകൃഷ്ണന്‍ ജനിച്ചത്. കല്ലറ തലായി എല്‍ പി സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു കുഞ്ഞുണ്ണി കുറുപ്പ്. കോടിയേരിയെപ്പോലെ വിവരദോഷിയായ ഒരു നീചജന്മത്തിന്റെ പേരില്‍ കുഞ്ഞുണ്ണി കുറുപ്പിനെ അപഹസിക്കാനോ പരിഹസിക്കാനോ സ്വാമി ചിദാനന്ദപുരിയോ അദ്ദേഹത്തെ അറിയുന്നവരോ തയ്യാറായില്ല. കാരണം, സന്യസ്തന്റെ ധര്‍മ്മം, പാത അതല്ല. ആനപ്പുറത്ത് പോകുന്ന ഭഗവദ് വിഗ്രഹത്തിനു നേരെ കുരച്ചു ചാടുന്ന തെരുവ് ശ്വാനന്റെ വിലപോലും കോടിയേരിക്ക് ധര്‍മ്മനിഷ്ഠനായ ആ യതിവര്യന്‍ നല്‍കുന്നില്ല എന്നതു തന്നെയാണ് ഇതിന്റെ കാരണം.

സ്വാമി ചിദാനന്ദപുരിയുടെ മാത്രമല്ല, ഏത് സന്യാസിയുടെയും പൂര്‍വ്വജന്മത്തെ കുറിച്ചും പൂര്‍വ്വാശ്രമത്തിലെ ബന്ധുക്കളെ കുറിച്ചും ഈ രീതിയില്‍ നികൃഷ്ടവും നീചവുമായ പരാമര്‍ശം നടത്തുന്നത് ഭാരതീയ സംസ്‌കാരത്തെയും പൈതൃകത്തെയും കൂറിച്ച് ധാരണയും വിവരവും ഇല്ലാത്തതുകൊണ്ടാണ്. സന്യാസജീവിതത്തിലേക്ക് ഒരാള്‍ കടക്കുന്നതിനു മുന്‍പുതന്നെ അതിന് യോഗ്യനാണോ എന്ന് ഗുരു പരിശോധിക്കും. സഹസ്രാബ്ദങ്ങളായി ജന്മജന്മാന്തരങ്ങളിലൂടെ തുടര്‍ന്നുവരുന്ന ഗുരുപാരമ്പര്യത്തിന്റെ ചങ്ങലക്കണ്ണിയിലേക്ക് ആവാഹിക്കപ്പെടാന്‍ ജീവിത നിയോഗം വേണം. അതിന് ജാതകത്തില്‍ സന്യസ്തയോഗം വേണം. വരാന്‍പോകുന്ന ശിഷ്യനെക്കുറിച്ച് ഗുരുവിന് നേരത്തെ തന്നെ അറിവുണ്ടായിരിക്കും. പലപ്പോഴും ഗുരുക്കന്മാര്‍ ഈ നിയോഗമറിഞ്ഞ് ശിഷ്യരെ തേടിയെത്തുകയാണ് പതിവ്. സ്വാമി വിവേകാനന്ദന്‍ ശ്രീരാമകൃഷ്ണപരമഹംസരെ തേടി എത്തിയ കഥ ജീവചരിത്രത്തില്‍ വിവരിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ കോളേജില്‍ ഇംഗ്ലീഷ് ക്ലാസ്സില്‍ വില്യം ഹേസ്റ്റി എന്ന അദ്ധ്യാപകന്‍ വേഡ്‌സ് വര്‍ത്തന്റെ ‘ദ നേച്ചര്‍’ എന്ന കവിത പഠിപ്പിക്കുമ്പോള്‍ പ്രകൃതിയുടെ ലാസ്യലാവണ്യത്തില്‍ മയങ്ങി താന്‍ സമാധിയില്‍ ആണ്ടുപോയി എന്ന് കവി വിവരിക്കുന്ന ഭാഗം വ്യക്തമാക്കുമ്പോള്‍ സമാധി എന്ന വാക്കിനെക്കുറിച്ച് അദ്ദേഹം സവിസ്തരം പ്രതിപാദിച്ചു. സമാധി എന്ന അവസ്ഥ അനുഭവിക്കുന്ന, പൂര്‍ണ്ണമായും മനസ്സ് ഈശ്വരോന്മുഖമാക്കി അലകളില്ലാത്ത കടല്‍ പോലെ മനസ്സിനെ സ്വച്ഛന്ദമാക്കി സച്ചിദാനന്ദലഹരിയില്‍ മനസ്സിനെ ലീനമാക്കി ഈശ്വരസാക്ഷാത്കാരത്തില്‍ വിരാജിക്കുന്ന അവസ്ഥ അനുഭവിക്കുന്നവര്‍ ഇന്നും ജീവിക്കുന്നു എന്ന് വില്യം ഹേസ്റ്റി വിവരിച്ചു.

ദക്ഷിണേശ്വരത്തെ ശ്രീരാമകൃഷ്ണപരമഹംസന്‍ എന്ന വലിയ വിദ്യാഭ്യാസമില്ലാത്ത സന്യാസിയെക്കുറിച്ച് കേട്ടപാടെ നരേന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥി അവിടേക്ക് കുതിക്കുകയായിരുന്നു. ‘നീ എത്തി അല്ലേ?’ നരേന്ദ്രനോട് ശ്രീരാമകൃഷ്ണന്‍ ചോദിച്ച ആദ്യ ചോദ്യം അതായിരുന്നു. പക്ഷേ, ഈശ്വരചന്ദ്ര വിദ്യാസാഗര്‍ അടക്കം പലരോടും ചോദിച്ച ചോദ്യമാണ് വിവേകാനന്ദന്‍ (നരേന്ദ്രന്‍) തിരിച്ചു ചോദിച്ചത്, ‘അങ്ങ് ഈശ്വരനെ കണ്ടിട്ടുണ്ടോ?’ എന്ന്. ‘ഉണ്ട്, നിന്നെ കാണുമ്പോലെ കണ്ടിട്ടുണ്ട്’ എന്ന മറുപടിയിലൂടെ നരേന്ദ്രന്‍ വിവേകാനന്ദനായതും ഹിന്ദുസംസ്‌കാരത്തിന്റെയും സനാതന ധര്‍മ്മത്തിന്റെയും ഉന്നതമൂല്യങ്ങളിലൂടെ ഈ ലോകത്തിന്റെ ദിശ തിരിച്ചതും ചരിത്രം. സ്വാമി വിവേകാനന്ദന്റെ ചരിത്രം മാത്രമല്ല, ‘ഒരു യോഗിയുടെ ആത്മകഥ’ എന്ന ഗ്രന്ഥത്തില്‍ സ്വാമി യോഗാനന്ദപരമഹംസനും സന്യാസപാരമ്പര്യത്തിന്റെ ഉജ്ജ്വലമായ തുടര്‍ പരമ്പരകളെ കുറിച്ചും ജന്മജന്മാന്തര ബന്ധങ്ങളെ കുറിച്ചും വരച്ചുകാട്ടിയിട്ടുണ്ട്.

പാടത്തെ പണിക്ക് വരമ്പത്ത് കൂലിയും തല്ലും അടിയും കൊലപാതകവും നിത്യവൃത്തിയാക്കിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനുമിടയില്‍ കോടിയേരിക്ക് എന്ത് വിവേകാനന്ദന്‍! എന്ത് യോഗാനന്ദപരമഹംസന്‍! പോലീസെന്ന് ഇംഗ്ലീഷില്‍ എഴുതാന്‍ അറിയില്ലെങ്കിലും പോലീസ്മന്ത്രിയായി മാറിയ കോടിയേരിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ, ഒരാള്‍ സന്യാസിയാകുമ്പോള്‍ ആ ജീവിതത്തിലുണ്ടാകുന്ന പരിവര്‍ത്തനത്തെ കുറിച്ച് സാമാന്യമായി മനസ്സിലാക്കാനുള്ള ബോധമെങ്കിലും കോടിയേരിക്ക് ഉണ്ടാകണം. കാരണം, പിണറായിയുടെ കസേരക്ക് ഇറച്ചിക്കടയ്ക്കു മുന്നിലെ തെരുവുപട്ടിയെ പോലെ കാത്തുനില്‍ക്കുന്ന കോടിയേരി ഭരിക്കാന്‍ പോകുന്ന സമൂഹത്തെ കുറിച്ച് മനസ്സിലാക്കണം. ആ ബോധം അല്പമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പതിനായിരക്കണക്കിന് ഭക്തരുടെ ഗുരുസ്ഥാനത്തുള്ള സ്വാമി ചിദാനന്ദപുരിയെക്കുറിച്ച് ഇത്തരത്തില്‍ നികൃഷ്ടമായ പരാമര്‍ശം നടത്തില്ലായിരുന്നു. ബ്രഹ്മചര്യത്തിനുശേഷം സന്യാസദീക്ഷ നല്‍കുമ്പോള്‍ ഒഴുകുന്ന പുഴയില്‍ അതുവരെ ധരിച്ചിരുന്ന വസ്ത്രങ്ങളടക്കം ഉപേക്ഷിക്കുന്ന സന്യാസി തന്റെ അതുവരെയുള്ള ഐഹികമായ ജീവിതത്തോട് വിടപറയുകയും കൂടിയാണ്.

തന്റെ മാതാപിതാക്കള്‍ക്ക് ഈ ജന്മത്തില്‍ ചെയ്യേണ്ട ഷോഡശക്രിയകളായ ബലിതര്‍പ്പണവും പിണ്ഡവുമടക്കം വെച്ചതിനു ശേഷമാണ് ഒരാള്‍ സന്യാസം സ്വീകരിക്കുക. സത്യസ്തനായാല്‍ സ്ത്രീയായാലും പുരുഷനായാലും ലിംഗവ്യത്യാസത്തിനപ്പുറം അനന്തവും അവിരാമവുമായ ഈശ്വരചൈതന്യത്തില്‍ ആമഗ്നനായി ഈശ്വരസാക്ഷാത്കാരത്തിന്റെ ചിദാനന്ദലഹരിയിലേക്ക് നീങ്ങുകയാണ്. സര്‍വ്വചരാചരങ്ങളിലും ഈശ്വരാംശം ദര്‍ശിക്കുന്ന സമസ്ത ചരാചരങ്ങളിലും സച്ചിദാനന്ദബ്രഹ്മത്തെ ദര്‍ശിക്കുന്ന സന്യസ്തനു മുന്നില്‍ ഈശ്വരോന്മുഖമായ, പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനു തന്നെ കാരണമായ ധര്‍മ്മം മാത്രമേയുള്ളൂ. സ്വീകരിക്കുന്ന ഭിക്ഷപോലും ധര്‍മ്മമായി കണക്കാക്കുന്ന, സനാതനധര്‍മ്മത്തിന്റെ ബാലപാഠം പോലുമറിയാത്ത ബാലകൃഷ്ണന്‍ കോടിയേരിക്ക് ഇത് മനസ്സിലാകാതെ പോയത് കുഞ്ഞുണ്ണിക്കുറുപ്പ് ബാല്യകാലത്ത് വേണ്ട ശിക്ഷണം നല്‍കാത്തതുകൊണ്ടാണ് എന്ന കാര്യത്തില്‍ അശേഷം സംശയമില്ല.

ഏതാണ്ട് ഇതേ രീതിയില്‍ തന്നെയാണ് കോരന്റെ മകന്‍ പിണറായി വിജയനും പ്രതികരിച്ചത്. എന്താണ് പിണറായിക്കും കോടിയേരിക്കും ഇടതുമന്ത്രിസഭയിലെ അംഗങ്ങള്‍ക്കും പറ്റിയത്? ചോദിക്കാതിരിക്കാനാകില്ല. മന്ത്രി ജി സുധാകരന്‍ അധികാരമേറ്റ നാളുമുതല്‍ സന്യാസിമാരുടെ ജട്ടി തപ്പി നടക്കുകയാണ്. പല സന്യാസിമാരും പഴയ രീതിയില്‍ ലങ്കോട്ടി അഥവാ കോണകമാണ് ധരിക്കുന്നതെന്ന് ആരൊക്കെയോ കത്തയച്ചിട്ടും അത് മനസ്സിലാക്കാതെ പിന്നെയും പിന്നെയും സന്യാസിമാരുടെ ജട്ടിക്കുവേണ്ടി മുറവിളി കൂട്ടുന്ന ജി സുധാകരന്റെയും പിതാവ് ഗോപാലപിള്ള ആ പ്രദേശത്തെ അറിയപ്പെടുന്ന ഭാഗവതപാരായണക്കാരനും ആദ്ധ്യാത്മിക-ധാര്‍മ്മിക ആചാര്യനുമായിരുന്നു. അദ്ദേഹത്തിന് കിട്ടാത്ത അംഗീകാരം മറ്റു സന്യാസിവര്യന്മാര്‍ക്ക് കിട്ടുന്നതുകൊണ്ടാകാം ജി സുധാകരന് സന്യാസിമാരോടുള്ള അവഹേളനത്തിന്റെ കാരണമെന്ന് ആശ്വസിക്കാം. പക്ഷേ, സന്യാസിമാരോട് കോടിയേരിയും പിണറായിയും ജി സുധാകരനും കാട്ടുന്ന ഈ അവഹേളനവും അപമാനവും മറ്റു മതസ്ഥരോട് കാട്ടുന്നില്ല എന്നു കാണുമ്പോഴാണ് ഞങ്ങളിലില്ല ഹൈന്ദവരക്തം ഞങ്ങളിലില്ല മുസ്ലീം രക്തം ഞങ്ങളിലില്ല ക്രൈസ്തവ രക്തം എന്ന പഴയ മുദ്രാവാക്യം ഭോഷ്‌ക്കാണെന്ന് ബോദ്ധ്യപ്പെടുക.

മൂന്നാറിലെ മലയില്‍ അനധികൃതമായി കൈയേറ്റക്കാര്‍ സ്ഥാപിച്ച കുരിശ് പൊളിച്ചു നീക്കിയ ശ്രീറാം വെങ്കിട്ടരാമനോട് മുഖ്യമന്ത്രി ചോദിച്ച ചോദ്യം കേരളത്തിലെ ഹിന്ദുക്കളോടുള്ള ചോദ്യമാണ്. കുരിശ് എന്തുപിഴച്ചു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. കുരിശല്ല പിഴച്ചത് സര്‍ക്കാര്‍ ഭൂമിയില്‍ അവകാശമില്ലാത്തിടത്ത് കുരിശ് കൊണ്ടിട്ട അച്ചന്മാരാണ് പിഴച്ചത്. അതിന്റെ പിന്നില്‍ കുരിശിന്റെ മറവില്‍ ഭൂമി കൈയേറ്റം നടത്തിയ കൈയേറ്റക്കാരാണ് പിഴച്ചത്. ക്രിസ്തുവിന്റെ മണവാട്ടികളായ തങ്ങളെ പിഴപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കന്യാസ്ത്രീകള്‍ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ ഉരുണ്ടു കളിച്ച പിണറായിയുടെ പ്രീണനം മാത്രം മതി ഹിന്ദു സന്യാസിമാരോടും ഇതര മതങ്ങളിലെ പുരോഹിതരോടുമുള്ള നിലപാട് മനസ്സിലാകാന്‍. ഈ പിഴച്ചവര്‍ക്കെതിരെയൊന്നും നടപടിയെടുക്കാന്‍ തയ്യാറാകാത്ത പിണറായി വിജയന്റെ നെറികെട്ട വിധേയത്വം വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പ്രീണനം മാത്രമാണെന്ന് സ്വബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും.

പട്ടിണിക്കും ദാരിദ്ര്യത്തിനും മതമുണ്ടോ? ആകാശം മേല്‍ക്കൂരയാക്കിയ അരപ്പട്ടിണിക്കാരനെയും മുഴുപ്പട്ടിണിക്കാരനെയും മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്നത് ഏത് മാര്‍ക്‌സിയന്‍ തത്വശാസ്ത്രമനുസരിച്ചാണെന്ന് പറയാന്‍ കഴിയുമോ? ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട – മുസ്ലീം വിഭാഗത്തില്‍പ്പെട്ട വിധവകള്‍ക്ക് പാര്‍പ്പിടം അനുവദിക്കാന്‍ പ്രത്യേക ഫണ്ട് അനുവദിച്ചതിന്റെ യുക്തി എന്താണെന്ന് വ്യക്തമാക്കാനുള്ള ബാധ്യതയും സംസ്ഥാനസര്‍ക്കാരിനുണ്ട്. യാക്കോബായ ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതിവിധി നടപ്പിലാക്കാതെ അനുരഞ്ജനചര്‍ച്ചയ്ക്ക് പോവുകയും ബിഷപ്പുമാരുടെ കൈ മുത്തുകയും ചെയ്ത പിണറായിയും മന്ത്രിമാരും ഓരോരോ നിയോജകമണ്ഡലത്തിലെയും സംഘടിത വോട്ടുബാങ്കിന്റെ സ്വാധീനത്തിന് അനുസരിച്ച് മൂന്നാംകിട രാഷ്ട്രീയമാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ആദിവാസികളുടെ ഭൂമി വീണ്ടെടുക്കാനുള്ള സുപ്രീംകോടതി വിധി വന്നിട്ട് വര്‍ഷങ്ങള്‍ എത്രയായെന്ന് ആലോചിക്കണം. അവരുടെ ഭൂമി വീണ്ടെടുത്ത് തിരിച്ചു നല്‍കാനുള്ള നട്ടെല്ല് കാട്ടുന്നതിനു പകരം സുപ്രീം കോടതിവിധി നടപ്പിലാക്കാതെ ഭൂമി തിരിച്ചു കൊടുക്കാതിരിക്കാന്‍ നിയമനിര്‍മ്മാണത്തിനു പോയ ഇടതുമുന്നണിയും വലതു മുന്നണിയും പ്രതിനിധീകരിക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ രണ്ടു വശങ്ങള്‍ തന്നെയാണ്. ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍.

ഇക്കാര്യങ്ങള്‍ പലതും തുറന്നു പറഞ്ഞു എന്നതാണ് സ്വാമി ചിദാനന്ദപുരി ചെയ്ത തെറ്റ്. സ്വാമി ചിദാനന്ദപുരി ആര്‍ എസ് എസ്സുകാരനാണ് എന്ന് പറഞ്ഞ് നടത്തിയ പരാമര്‍ശത്തെ ആര്‍ എസ് എസ് എങ്ങനെ കാണുന്നു എന്ന് കഴിഞ്ഞ ദിവസം വത്സന്‍ തില്ലങ്കേരി പ്രതികരിച്ചിട്ടുണ്ട്. സ്വാമി ചിദാനന്ദപുരി ആര്‍ എസ് എസ്സാണ് എന്നു പറയുന്നത് ആര്‍ എസ് എസ്സിന് ഒരു അംഗീകാരമാണെന്നാണ് തില്ലങ്കേരി പറഞ്ഞത്. ധര്‍മ്മശാസ്ത്രങ്ങളുടെയും ഭാരതീയ ചിന്തയുടെയും പുരാണങ്ങളുടെയും ഉപനിഷത്തുക്കളുടെയും ഒക്കെ ലോകത്ത് വിരാജിക്കുന്ന പാണ്ഡിത്യഗര്‍വ്വില്ലാത്ത സാധാരണക്കാരില്‍ സാധാരണക്കാരനായ ആ സന്യാസിശ്രേഷ്ഠന്റെ ഏതെങ്കിലും ഒരു പുസ്തകം പകര്‍ത്തിയെഴുതാനുള്ള യോഗ്യതയെങ്കിലും പിണറായിക്കും കോടിയേരിക്കും ഉണ്ടായാല്‍ ഈ ജന്മം സാര്‍ത്ഥകമാകും. ഭഗവദ്ഗീതയുടെ ശങ്കരഭാഷ്യം ഏതാനും അദ്ധ്യായങ്ങള്‍ ചിദാനന്ദപുരി സ്വാമി മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ധര്‍മ്മാനുസൃത ജീവിതത്തിന്റെയും ജീവിതത്തിന്റെ സമസ്ത മേഖലകളിലും ധര്‍മ്മം കൊണ്ടുവരുന്നതിന്റെയും യുക്തിഭദ്രത അദ്ദേഹം വരച്ചുകാട്ടിയിട്ടുണ്ട്. അത് ആ ഗ്രന്ഥങ്ങള്‍ ചുമടായെങ്കിലം ഏറ്റാനുള്ള യോഗ്യത ഈ പുംഗവന്മാര്‍ക്ക് വരും ജന്മമെങ്കിലും ഉണ്ടായാല്‍ മതി.

സ്വാമി ചിദാനന്ദപുരിയുടെ പൂര്‍വ്വാശ്രമത്തെ കുറിച്ച്, പൂര്‍വ്വാശ്രമത്തിലെ മാതാപിതാക്കളെ കുറിച്ച് കോടിയേരിയും പിണറായിയും പറയുമ്പോള്‍ സ്വാമി അതിന് തിരിച്ച് മറുപടി പറയാത്തത് സന്യാസജീവിതത്തിന്റെ സംസ്‌കാരം കൊണ്ടാണ്. ആ സംസ്‌കാരത്തിന്റെ മഹത്വം തിരിച്ചറിയാനുള്ള യോഗ്യതയും അവര്‍ക്കില്ല. പക്ഷേ, സന്യസ്തരല്ലാത്ത യുവാക്കള്‍ വേറെയുണ്ട്. അവര്‍ കോരനെയും കുഞ്ഞുണ്ണി കുറുപ്പിനെയും മാത്രമല്ല, കക്ഷത്തില്‍ ബാഗിലിരുന്ന ബോംബ് പൊട്ടി പരിക്കേറ്റ എം വി രാജഗോപാലന്‍ മാസ്റ്ററെയൊക്കെ അനുസ്മരിച്ചാല്‍, അനുസ്മരിപ്പിച്ചാല്‍ അത് വല്ലാത്ത അസ്‌കിതയാകുമെന്ന് ഓര്‍മ്മിപ്പിക്കാതിരിക്കാന്‍ വയ്യ.

ജികെ സുരേഷ് ബാബു

ജനം ടിവി ചീഫ് എഡിറ്റർ

3K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close