മഹാരാഷ്ട്ര: കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ബിജെപി ഉള്ളടത്തോളം കാലം അത് അങ്ങനെതന്നെ നിലനില്‍ക്കുമെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കാശ്മീരിന് ഒരു പ്രത്യേക പ്രധാനമന്ത്രി വേണമെന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ പരാമര്‍ശത്തിന് മറുപടിയെന്നോണം തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ഉള്ളടത്തോളം കാലം കാശ്മീരിനെ ഞങ്ങളില്‍ നിന്ന് അകറ്റാന്‍ ആര്‍ക്കും കഴിയില്ലെന്നും കോണ്‍ഗ്രസ് ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞ അമിത് ഷാ ഇന്ത്യയില്‍ രണ്ട് പ്രധാനമന്ത്രികളുണ്ടാവാന് അനുവദിക്കില്ലെന്നും വ്യക്തമാക്കി.
‘ഇന്ത്യ ശിവജിയുടെ നാടാണ്, അതിന്റെ സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്വമാണ്’. അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകളില്‍ രാജ്യം സുരക്ഷിതമാണെന്നും ബാലാക്കോട്ടിലെ വ്യോമാക്രമണത്തിലൂടെ ജവാന്മാരുടെ മരണത്തിന് നമ്മള് പകരം വീട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ വേണമെന്നുള്ള ആവശ്യം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്ന് വന്നുകൊണ്ടിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.