വെല്ലൂര്‍ ; വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കമ്മീഷന് വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
ഇതിനെതിരെ എഐഎഡിഎംകെ സ്ഥാനാര്‍ഥി എ.സി ഷണ്മുഖനും സ്വതന്ത്ര സ്ഥാനാര്‍ഥിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
അനധികൃതമായുള്ള പണമൊഴുക്ക് വ്യക്തമായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്കാന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുത്തത്. വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി കതിര് ആനന്ദിന്റെ വസതിയിലും ഓഫീസില്‍ നിന്നും കണക്കില്‍പ്പെടാത്ത 22 കോടിയോളം രൂപ നേരത്തെ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ഡിഎംകെ ട്രഷറര്‍ ദുരൈ മുരുകന്റെ മകനാണ് കതിര് ആനന്ദ്.
ദുരൈ മുരുകന്റെ അനുയായിയുടെ സിമെന്റ് ഗോഡൗണില്‍ നിന്നും 11.5 കോടി രൂപയുടെ പുതിയ നോട്ട് കെട്ടുകളാണ് ആദായ നികുതി വകുപ്പ് പരിശോധനയില്‍ പിടിച്ചെടുത്തത്. ചാക്കിലും പെട്ടികളിലുമായി സൂക്ഷിച്ചിരുന്ന പണത്തിന്റെ ഓരോ കെട്ടിന് മുകളിലും മണ്ഡലവും ബൂത്തുകളുടെ പേരും എഴുതിയിരുന്നു. ഈ പണം വെല്ലൂരിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനാണ് എത്തിച്ചതെന്നാണ് ആരോപണം.