ചിക്കണ്ടിയൂര്: കൈകള്‍ കൂട്ടിക്കെട്ടി നിസ്സഹായനായി നിന്ന മധുവിന്റെ ചിത്രം മനസില്‍ നിന്ന് മായാതെ നില്ക്കുന്ന അട്ടപ്പാടിയിലെ മധുവിന്റെ ഊരുകാര്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുന്നു. വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ചിക്കണ്ടിയൂരിലെ 42-ഓളം കുടുംബങ്ങളാണ് വോട്ട് ബഹിഷ്കരിക്കാനൊരുങ്ങുന്നത്. അടിസ്ഥാന സൗകര്യങ്ങളൊക്കെയും വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങിയെന്നും ഇവിടുത്തുകാര്‍ പറയുന്നു.
സഞ്ചാരയോഗ്യമായ റോഡോ ആവശ്യത്തിന് കുടിവെള്ളമോ കിട്ടാതെ പെടാപ്പാട് പെടുകയാണ് ചിക്കണ്ടിയൂരുകാര്.അതിനാലാണ് കേരളത്തിലെ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്ന തരത്തിലുള്ള കടുത്ത തീരുമാനങ്ങളെടുക്കാന്‍ ചിക്കണ്ടിയൂരുകാര് നിര്‍ബന്ധിതരാകുന്നത്. എന്നാലെങ്കിലും അധികാരികളുടെ കണ്ണ് തുറപ്പിക്കാം എന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍.
മധു എന്ന ആദിവാസി യുവാവിന്റെ മുഖം കേരളത്തിന് പശ്ചാപത്തോടെ മാത്രമേ ഓര്‍ക്കാന്‍ സാധിക്കൂ. മോഷണക്കുറ്റം ആരോപിച്ച് ചിലര്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് മരണമടഞ്ഞ മധു ഒരാണ്ടിനിപ്പുറം ഇന്നും ചിക്കണ്ടിയൂരുകാര്ക്ക് ഒരു തീരാവേദനയായി തുടരുകയാണ്.
മകന് നഷ്ടപ്പെട്ടതിന്റെ വേദന കടിച്ചമര്ത്തിയിരിക്കുന്ന അമ്മയുള്‍പ്പടെ തെരഞ്ഞെടുപ്പിനെ ബഹിഷ്കരിക്കാനൊരുങ്ങുമ്പോള് അട്ടപ്പാടിയില്‍ എന്ത് വികസനമാണ് കൊണ്ടുവന്നതെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
സ്ഥലം എംഎല്‍എ അഡ്വ.എന്‍.ഷംസുദ്ദീനോ പാലക്കാട് മണ്ഡലം എം.പി എം.ബി.രാജേഷോ അട്ടപ്പാടിയിലെ ചിക്കണ്ടിയൂര് നിവാസികളുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള നാട്ടുകാരുടെ തീരുമാനം.