മുംബൈ : കോൺഗ്രസ് നേതാവിന് വോട്ട് ചോദിച്ച് മുകേഷ് അംബാനി. ദക്ഷിണ മുംബൈയിലെ കോൺഗ്രസ് സ്ഥാനാർത്ഥി മിലിന്ദ് ദേവ്റയ്ക്ക് മുകേഷ് അംബാനി വോട്ട് ചോദിച്ചുള്ള വീഡിയോ ദേവ്റ ട്വിറ്ററിലൂടെ പുറത്തുവിട്ടു. ദക്ഷിണ മുംബൈക്ക് മിലിന്ദ് എന്ന് മുകേഷ് അംബാനി പറയുന്ന വീഡിയോ ആണ് പുറത്ത് വന്നത്.
പത്ത് വർഷം മുംബൈയെ പ്രതിനിധീകരിച്ച ആളാണ് മിലിന്ദ് ദേവ്റ. മിലിന്ദിന് ദക്ഷിണ മുംബൈയുടെ സാമൂഹിക , സാമ്പത്തിക , സാംസ്കാരിക അവസ്ഥകളെക്കുറിച്ച് നല്ല ധാരണയുണ്ടെന്നും മുകേഷ് അംബാനി കൂട്ടിച്ചേർത്തു. കോട്ടെക് മഹീന്ദ്ര ബാങ്ക് മേധാവി ഉദയ് കോട്ടെക്കും മിലിന്ദിന് പിന്തുണ നൽകുന്നുണ്ട്.
അതേസമയം നരേന്ദ്രമോദി അംബാനിമാരുടെ കാവൽക്കാരനാണെന്ന് ആരോപണം ഉന്നയിക്കുന്ന രാഹുൽ ഗാന്ധിക്ക് ഇതിലെന്താണ് പറയാനുള്ളതെന്ന് ചോദ്യം സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉയർന്നു. മുകേഷ് അംബാനി ഇപ്പോൾ കുത്തകയല്ലാതായെങ്കിൽ രാഹുൽ അത് വ്യക്തമാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ശിവസേന നേതാവ് അരവിന്ദ് സാവന്താണ് ദക്ഷിണ മുംബൈയിലെ എൻ.ഡി.എ സ്ഥാനാർത്ഥി. 2014 ൽ മിലിന്ദ് ദേവ്റയെ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അരവിന്ദ് സാവന്ത് പരാജയപ്പെടുത്തിയത്.