കൊച്ചി: അമ്മയുടെ മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസ്സുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു. കുട്ടി 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. കുട്ടിയുടെ വലത് മസ്തിഷ്കത്തില്‍ സാരമായ പരിക്കേറ്റിട്ടുണ്ട്. സ്ട്രോക്കിന്റെ ലക്ഷണങ്ങളുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
അതേസമയം, കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയെ അറസ്റ്റ് ചെയ്തു. വധശ്രമ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ അമ്മ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. കുട്ടിയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് അമ്മ പോലീസിനു മൊഴി നല്‍കിയത്.
കുട്ടിയെ ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തിരുന്നുവെന്ന് കുട്ടിയുടെ അമ്മ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു.
അതേസമയം, കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും നില അതീവ ഗുരുതരമാണ്. കുട്ടി വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും തലച്ചോറിലെ രക്തസ്രാവം നില്‍ക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരനെ ഇന്നലെ വൈകിട്ടോടെയാണ് എറണാകുളത്തെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി വീടിന്റെ ടെറസില്‍ നിന്നും വീണതാണെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് വ്യക്തമായി. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.