തിരുവനന്തപുരം: കേരളത്തില്‍ പല സ്ഥലങ്ങളിലും അടുത്ത രണ്ട് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 60-70 കിലോമീറ്റര്‍ വേഗതയില്‍ വീശാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലപ്പുറത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം എറണാകുളത്ത് ഇടിമിന്നലേറ്റ് രണ്ടു പേര് മരിച്ചിരുന്നു. മുളന്തുരുത്തി വെട്ടിക്കല്‍ സ്വദേശി മണ്ടോത്തും കുഴിയില്‍ ജോണിയുടെ ഭാര്യ ലിസി (49),ജോണിയുടെ സഹോദരിയുടെ മകന് അനക്സ് (15) എന്നിവരാണ് മരിച്ചത്.
സംസ്ഥാനത്ത് പലയിടത്തും മഴ പെയ്തതിനു പിന്നാലെയാണ് ഇടിമിന്നലില്‍ മരണമുണ്ടായത്. തെക്കന്‍ ജില്ലകളില്‍ അടുത്ത രണ്ട് ദിവസം ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.