ആലത്തൂര്‍: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരായ അശ്ലീല പരാമര്‍ശത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണ് വിജയരാഘവന് നടത്തിയതെന്നും പ്രഥമദൃഷ്ട്യാ ചട്ടലംഘനമുണ്ടായെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ വിലയിരുത്തി. പരാമര്‍ശം ആവര്‍ത്തിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്കി.
അതേസമയം, സംസ്ഥാന വനിതാ കമ്മീഷന് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് രമ്യ ഹരിദാസ് രംഗത്തെത്തി. വനിതാ കമ്മീഷന് രാഷ്ട്രീയം കളിക്കുകയാണെന്നും രമ്യ ആരോപിച്ചു. കമ്മീഷന്റെ നടപടികളില്‍ ദുരൂഹതയുണ്ടെന്നും തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും രമ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെ സുധാകരനെതിരെ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് കേസെടുത്തു. എന്നാല്‍ തനിക്കെതിരെ പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. വനിതാ കമ്മീഷന് തന്നെ ഫോണില്‍ പോലും ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞില്ല.
പൊന്നാനിയിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് രമ്യാ ഹരിദാസിനെതിരെ അപമാനകരമായ പരാമര്‍ശം നടത്തിയത്.
‘ആലത്തൂരില്‍ മത്സരിക്കുന്ന പെണ്‍കുട്ടി നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിച്ച ശേഷം ആദ്യം ഓടിപ്പോയത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അടുത്തേക്കും പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്തേക്കുമാണ്. ആ കുട്ടിക്ക് ഇനി എന്തു സംഭവിക്കുമെന്ന് എനിക്ക് പറയാന്‍ കഴിയില്ല’. ഇതായിരുന്നു രമ്യയ്ക്കെതിരായ വിജയരാഘവന്റെ പരാമര്‍ശം.
സംഭവത്തില്‍ രമ്യാ ഹരിദാസ് നേരിട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനെതിരെ സംസ്ഥാന വനിതാ കമ്മീഷന് കേസെടുത്ത പശ്ചാത്തലത്തിലായിരുന്നു രമ്യാ ഹരിദാസിന്റെ ആരോപണം.