തൃശൂർ : എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ പിന്തുണച്ചതിനു നടൻ ബിജു മേനോനെതിരെ സിപിഎം പ്രവർത്തകരുടെ സൈബർ ആക്രമണം .നടന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് സൈബർ ഭീഷണികൾ ഉയരുന്നത്.
സുരേഷ് ഗോപിയെ പിന്തുണച്ചതിനാൽ ബിജു മേനോന്റെ സിനിമകൾ ബഹിഷ്ക്കരിക്കുമെന്നാണ് ഭീഷണി.അതേ സമയം തന്റെ സഹപ്രവർത്തകനെ ബിജു മേനോൻ പിന്തുണച്ചതിൽ അദ്ദേഹത്തിനു കരുത്ത് പകരുന്നവരും ഉണ്ട്.
സൗഹൃദ വേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയിലാണ് ബിജു മേനോൻ പങ്കെടുത്തത്.സുരേഷ് ഗോപിയെ ജനപ്രതിനിധിയായി ലഭിക്കുന്നത് തൃശൂരിന്റെ ഭാഗ്യമാണെന്ന് പറഞ്ഞ ബിജു താൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും മനുഷ്യ സ്നേഹിയായ ജനപ്രതിനിധിയാണ് സുരേഷ് ഗോപിയെന്നും പറഞ്ഞു.
സിനിമാ താരങ്ങൾ തന്നെ പരസ്യമായി പിന്തുണയ്ക്കാത്തത് അവർക്ക് ഭയമുള്ളതിനാലാണെന്ന് സുരേഷ് ഗോപി മുൻപ് പറഞ്ഞിരുന്നു.അതിനു പിന്നാലെയാണ് ബിജു മേനോൻ പിന്തുണയുമായി രംഗത്തെത്തിയത്.
സുരേഷ് ഗോപി തൃശൂരുകാരനാകുന്നത് തിരുവനന്തപുരത്തിന്റെ നഷ്ടമാണെന്ന് നിർമ്മാതാവ് ജി സുരേഷ് കുമാർ പറഞ്ഞിരുന്നു.നടി പ്രിയാ വാര്യർ ഉൾപ്പെടെയുള്ളവരും സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.