മുംബൈ : കോൺഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുർവേദി ശിവസേനയിൽ ചേർന്നു. പാർട്ടി. ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെയെ മധോശ്രീയിലെത്തി സന്ദർശിച്ചതിനു ശേഷമാണ് പ്രിയങ്ക ഔദ്യോഗികമായി ശിവസേനയിൽ ചേർന്നത്. ഇന്ന് രാവിലെ പ്രിയങ്ക കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു.
ശിവസേനയിലേക്ക് സ്വാഗതം ചെയ്തതിന് അവർ ഉദ്ധവ് താക്കറേയ്ക്കും ആദിത്യ താക്കറേയ്ക്കും നന്ദി പറഞ്ഞു. രാജ്യത്തിനു വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും അവർ വ്യക്തമാക്കി. അതേസമയം കോൺഗ്രസിനെതിരെ വന്ന ആരോപണങ്ങളെ ശക്തമായി പ്രതിരോധിച്ച പ്രവർത്തകയായിരുന്നു പ്രിയങ്കയെന്ന് ഉദ്ധവ് പറഞ്ഞു. പ്രിയങ്ക ശിവസേനയിൽ ചേർന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിപ്പരിപാടിക്കിടെ തന്നെ അധിക്ഷേപിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കോൺഗ്രസ് നേതാക്കളെ സംരക്ഷിച്ചുവെന്നാരോപിച്ചാണ് പ്രിയങ്ക പാർട്ടി വിട്ടത്. കോൺഗ്രസിൽ കഷ്ടപ്പെടുന്നവർക്കല്ല ഗുണ്ടകൾക്കാണ് സ്ഥാനമുള്ളതെന്ന് അവർ ചൂണ്ടിക്കാട്ടിയിരുന്നു.പ്രിയങ്കയെ അപമാനിച്ചവരെ ആദ്യം പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.