സത്യമപ്രിയം

ടിക്കാറാം മീണയോ ‘ചട്ടുകം’ മീണയോ?

സത്യമപ്രിയം - ജി കെ സുരേഷ്ബാബു

കേരളത്തിലെ ഐ എ എസ് ഓഫീസര്‍മാരില്‍ പ്രായേണ പക്വമതിയും സത്യസന്ധനുമായ ഉദ്യോഗസ്ഥനായിരുന്നു ടിക്കാറാം മീണ. അദ്ദേഹം കേരളത്തിലെ ആദ്യ ചീഫ് ഇലക്ടറല്‍ ഓഫീസറുമല്ല. നേരത്തെ ടി എന്‍ ജയചന്ദ്രനും ഷീലാ തോമസും നളിനി നെറ്റോയുമൊക്കെ ഈ തസ്തികയില്‍ ഇരുന്നിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും രാഷ്ട്രീയ നേതാക്കളുമായി ശക്തമായ വ്യക്തിബന്ധവും ഒരു പരിധിവരെ ഉള്ളിന്റെയുള്ളിലെങ്കിലും രാഷ്ട്രീയ അനുഭാവവും ഉണ്ടായിരുന്നു. പക്ഷേ, ഇവരാരും തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടും വിധം പെരുമാറിയിട്ടില്ല.

പൊതുവെ ഉത്തരേന്ത്യന്‍ ഓഫീസര്‍മാരെ കുറിച്ച് സെക്രട്ടറിയേറ്റിലും രാഷ്ട്രീയക്കാര്‍ക്കും പത്രക്കാര്‍ക്കും ഇടയിലുള്ള പരിഹാസം കേരളാ സര്‍വ്വീസ് ഇവര്‍ ചോദിച്ചു വാങ്ങി വരുന്നു എന്നതാണ്. ഇവിടെ വന്നുകഴിഞ്ഞാല്‍ ഐ എ എസ് ആയാലും ഐ പി എസ് ആയാലും ഏതെങ്കിലുമൊരു മുന്നണിയ്‌ക്കൊപ്പം അല്പം ചാഞ്ഞുള്ള നിലപാട് സ്വീകരിച്ചുകഴിഞ്ഞാല്‍ മാറി മാറി വരുന്ന ഭരണമുന്നണിക്കും പ്രതിപക്ഷ മുന്നണിക്കും ഇടയില്‍ ആ ഒഴുക്കിനു പിന്നാലെ ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി സര്‍വ്വീസ് തുടര്‍ന്നു പോകാനാവും. കോഴിമുട്ട വരെ കൈക്കൂലി വാങ്ങിയ ചില ഐ പി എസ്സുകാര്‍ സര്‍വ്വീസില്‍ തുടരുന്നത് ഇങ്ങനെ വിധേയത്വം കാണിച്ചാണെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതാണ്. ചില പാര്‍ട്ടി നേതാക്കളുടെ കണ്ണിലുണ്ണിയായി അഴിമതിയ്ക്കും സ്വജനപക്ഷപാതത്തിനും കൂട്ടുപിടിച്ച ഉദ്യോഗസ്ഥ പ്രമുഖര്‍ ഏറെയാണ്. സര്‍വ്വീസ് കാലത്തുടനീളം ടിക്കാറാം മീണ ഇതില്‍ വ്യത്യസ്തനായിരുന്നു. പക്ഷേ, അടുത്തിടെയായി ചില നേതാക്കളെങ്കിലും ടിക്കാറാം മീണയുടെ പേര് ‘ചട്ടുകം മീണ’ എന്നാക്കി വിളിച്ചു തുടങ്ങിയിട്ടുണ്ട്.

സത്യത്തില്‍ ഇത് കേട്ടപ്പോള്‍ ദു:ഖം തോന്നി. അതുകൊണ്ടാണ് ആരോപണങ്ങള്‍ വന്ന വഴി അന്വേഷിക്കാന്‍ തീരുമാനിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ടിക്കാറാം മീണയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം വന്നിരിക്കുന്നു. സ്വന്തം പേരും പടവും അച്ചടിച്ച് കാണാനുള്ള ആഗ്രഹം പലര്‍ക്കും ഉണ്ടാകാം. പക്ഷേ, ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആയതിനുശേഷം സ്വന്തം ചിത്രം അച്ചടിച്ച് വരണമെന്ന് മീണക്ക് അതിമോഹം. തിരഞ്ഞെടുപ്പിന് വോട്ടര്‍മാരെ പ്രേരിപ്പിക്കാനും പോളിംഗ് ബൂത്തിലേക്ക് അയക്കാനുമുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററുകളില്‍ ടിക്കാറാം മീണയുടെ വലിയ ചിത്രം നിറഞ്ഞു നില്‍ക്കുകയാണ്.

വോട്ടര്‍മാരെ പ്രോത്സാഹിപ്പിക്കുകയും പോളിംഗ് ബൂത്തില്‍ എത്തിക്കുകയും ചെയ്യാനുള്ള ബ്രാന്‍ഡ് അംബാസഡര്‍മാരായി മറ്റ് സംസ്ഥാനങ്ങളില്‍ ചലച്ചിത്ര താരങ്ങളെയും ക്രിക്കറ്റ് താരങ്ങളെും സ്പോര്‍ട്‌സ് താരങ്ങളെയും ഒക്കെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരെയൊന്നും പരിഗണിക്കാതെ സ്വന്തം ചിത്രം സിനിമാ പോസ്റ്ററിനേക്കാള്‍ വലിപ്പത്തില്‍ അച്ചടിച്ച് കേരളം മുഴുവന്‍ ഒട്ടിക്കാന്‍ കാട്ടിയ ‘പ്രദര്‍ശനമനോഭാവം’ രോഗലക്ഷണമാണ്. സ്വന്തം സൗന്ദര്യം കണ്ണാടിയിലോ ചിത്രത്തിലോ ആസ്വദിക്കുന്ന നാര്‍സിസത്തിന്റെ സ്വാധീനം ടിക്കാറാം മീണയില്‍ എത്തിയിരിക്കുന്നോ എന്ന് ഒരു ആശങ്ക.

ഏതാണ്ട് ഇതിന് തുല്യമായ രീതിയില്‍ തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മലയാള ഗാനവും വന്നത്. കെ ജയകുമാര്‍ എഴുതി കെ എസ് ചിത്ര പാടിയ ഗാനത്തിലും മീണയുണ്ട്. ഗാനരംഗം ആദ്യം ചിത്രീകരിച്ചപ്പോള്‍ ദേശീയപതാക തലകീഴായി പിടിച്ചിരുന്ന കുട്ടിയെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തപ്പോള്‍ എഡിറ്റ് ചെയ്ത് മാറ്റി എന്ന് ചില പത്രപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജനാധിപത്യത്തിന്റെ ഉത്സവമായ തിരഞ്ഞെടുപ്പില്‍ പോസ്റ്ററുകളിലും ഗാനരംഗങ്ങളിലും സ്വന്തം ചിത്രം കാണണമെന്ന് ആഗ്രഹിക്കുന്നത് തെറ്റല്ലായിരിക്കാം. പക്ഷേ, അത് ഔചിത്യമില്ലായ്മയാണ്. സിവില്‍സര്‍വ്വീസിന്റെ ബ്ലൂ ബുക്കുകളില്‍ കാണാന്‍ കഴിയാത്ത, രേഖപ്പെടുത്തിയിട്ടില്ലാത്ത കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ്. ഒരുപക്ഷേ, സി പി നായരോ, ഡോ. ഡി ബാബു പോളോ, ടി പി സെന്‍കുമാറോ ഒക്കെ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കില്‍ ടിക്കാറാം മീണയോട് പറയുമായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്ലീം വോട്ടിന്റെ ധ്രുവീകരണം ലക്ഷ്യമിട്ട് നടത്തിയ അയോദ്ധ്യാ പരാമര്‍ശങ്ങളും ഞങ്ങള്‍ക്കും ഇന്ത്യയില്‍ ജീവിക്കണമെന്നു പറഞ്ഞ് മുസ്ലീം പെണ്‍കുട്ടിയുടെ ചിത്രം വച്ച് യു ഡി എഫ് തയ്യാറാക്കിയ ബോര്‍ഡും പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ല. ലീഗ് പതാകയും വീശി യുവാക്കള്‍ ജീപ്പുകളുടെ മുകളിലിരുന്ന് വിളിച്ച മുദ്രാവാക്യം ‘സാലെ കുത്താ നരേന്ദ്രമോദി’ എന്നാണ്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെതിരെ നടപടി എടുത്തില്ലെന്നു മാത്രമല്ല, സംഘര്‍ഷസാധ്യത മുന്‍കൂട്ടി അറിയുന്നതിലും പരാജയപ്പെട്ടു.

സാലെ കുത്താ നരേന്ദ്രമോദി എന്ന് വിളിച്ചവര്‍ക്കെതിരെ, സാലെ കുത്താ കുഞ്ഞാലിക്കുട്ടി എന്നോ, സാലെ കുത്താ പാണക്കാട് തങ്ങളെന്നോ മുദ്രാവാക്യം ഉയര്‍ന്നാല്‍ എന്തായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്ന് മനസ്സിലാക്കുന്നതിലല്ലേ സംവിധാനത്തിന്റെ നിഷ്പക്ഷത നിലകൊള്ളുന്നത്. ഒരുപക്ഷേ, ബി ജെ പി പ്രവര്‍ത്തകര്‍ അങ്ങനെ വിളിക്കാതിരിക്കുന്നത് അവരുടെ മര്യാദയും സംസ്‌കാരവുമാണ്. ഇത്തരം നീക്കങ്ങളെ അപലപിക്കാനുള്ള ആര്‍ജ്ജവം പാണക്കാട് തങ്ങളും തിരഞ്ഞെടുപ്പ് ഓഫീസറും കാട്ടണമായിരുന്നു. ഭാരതത്തിന്റെ പ്രധാനമന്ത്രിയെ ഇത്തരത്തില്‍ വ്യക്തിപരമായി തേജോവധം ചെയ്യുന്നത് രാഷ്ട്രീയം മാത്രമായി കാണാന്‍ കഴിയുമോ?

ഇതുവരെ രാഷ്ട്രീയ യജമാനന്‍മാരോട് കാര്യമായ വിധേയത്വം പുലര്‍ത്താതിരുന്ന ടിക്കാറാം മീണ ഇക്കുറി ആദ്യം പുറപ്പെടുവിച്ച നിര്‍ദ്ദേശത്തിലാണ് കല്ലുകടി തുടങ്ങിയത്. ശബരിമലയെ കുറിച്ച് സംസാരിക്കാന്‍ പാടില്ലെന്ന് ആദ്യം ഒരു പ്രകോപനവുമില്ലാതെ മീണ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സുപ്രീംകോടതി വിധി വന്നതിനുശേഷം കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക മേഖലയില്‍ ഏറ്റവും കൂടുതല്‍ ചലനം സൃഷ്ടിച്ച പ്രശ്‌നം ശബരിമലയായിരുന്നു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള പുന:പരിശോധനാ ഹര്‍ജി പരിഗണിക്കും മുന്‍പു തന്നെ അവിശ്വാസികളായ ആക്ടിവിസ്റ്റുകളെ കയറ്റി ശബരിമലയുടെ പരിശുദ്ധി തകര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഓരോ ശ്രമവും ജാതിക്കും മതത്തിനും അതീതമായി ഭക്തരുടെ മനസ്സില്‍ സൃഷ്ടിച്ച മുറിപ്പാട് വളരെ ആഴത്തിലുള്ളതാണ്.

വിശ്വാസിയായ ഐ ജി ശ്രീജിത്ത് അടക്കമുള്ളവരെ നിയോഗിച്ച് പോലീസിന്റെ പടച്ചട്ടയും ഹെല്‍മറ്റും അണിയിച്ച് മല കയറ്റാന്‍ നടത്തിയ ശ്രമം മലയാളികള്‍ കണ്ണിമ ചിമ്മാതെ കണ്ടിരിക്കുകയായിരുന്നു. നടപന്തലില്‍ വിരി വെയ്ക്കാന്‍ അനുവദിക്കാതെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പന്നികളുടെയും കഴുതകളുടെയും ഒപ്പം വിരി വെയ്ക്കാന്‍ നിര്‍ബ്ബന്ധിതരായ കുഞ്ഞയ്യപ്പന്മാരും കുഞ്ഞു മാളികപ്പുറങ്ങളും കേരളീയ സമൂഹത്തില്‍ തോരാത്ത കണ്ണീര്‍ മഴയാണ് പെയ്യിച്ചത്. സന്നിധാനത്ത് എത്തുന്നവര്‍ ആറു മണിക്കൂറിനകം മലവിട്ട് ഇറങ്ങണം, ശരണം വിളക്കാന്‍ പാടില്ല തുടങ്ങി എത്രയെത്ര നിര്‍ദ്ദേശങ്ങള്‍ വന്നു. ദശാബ്ദങ്ങള്‍ നീളുന്ന ശബരിമലയുടെ ചരിത്രത്തിലാദ്യമായി ബൂട്ടും ബെല്‍റ്റുമിട്ട പോലീസുകാരെ സന്നിധാനത്ത് നിരത്തി പവിത്രത നശിപ്പിച്ചതും ഈ കാലയളവിലായിരുന്നു.

ഇക്കാര്യം ചര്‍ച്ച ചെയ്യാതിരിക്കാന്‍ എങ്ങനെയാകും? മാത്രമല്ല, ഒരു തിരഞ്ഞെടുപ്പില്‍ രാഷ്ടിരീയകക്ഷികള്‍ ചര്‍ച്ച ചെയ്യേണ്ട, അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് വിഷയമാക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് തീരുമാനിക്കാന്‍ ചീഫ് ഇലക്ടറല്‍ ഓഫീസറെയോ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയോ ആര് അധികാരപ്പെടുത്തി. ജനപ്രാതിനിധ്യ നിയമത്തിലെ നിര്‍ദ്ദിഷ്ട വകുപ്പുകളോ ചട്ടങ്ങളോ ഈ തരത്തില്‍ തിരഞ്ഞെടുപ്പ് വിഷയം നിശ്ചയിക്കാന്‍ കമ്മീഷനെയോ ഇലക്ടറല്‍ ഓഫീസറെയോ അധികാരപ്പെടുത്തിയിട്ടുണ്ടോ? മതത്തിന്റെയും വര്‍ഗ്ഗീയതയുടെയും പേരില്‍ വോട്ടുപിടിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവുണ്ട്. ശബരിമല മതത്തിന്റെ പേരില്‍ വോട്ടു പിടിക്കാന്‍ പറ്റുന്ന ഒരു പ്രതീകമല്ല. എല്ലാ മതങ്ങളുടെയും വിശ്വാസികളുടെ സംഗമഭൂമിയായ ശബരിമലയെ ഏത് മതത്തിന്റെ പേരില്‍ അടയാളപ്പെടുത്താന്‍ കഴിയും? മതനിരപേക്ഷതയുടെ പ്രതീകമായ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടാല്‍ അത് എങ്ങനെയാണ് മതപരമായി മാറുന്നത്. ഇവിടെയാണ് മീണയുടെ കണക്കുകൂട്ടലുകള്‍ അയ്യപ്പസ്വാമി തെറ്റിക്കുന്നത്.

ശബരിമല തിരഞ്ഞെടുപ്പ് വിഷയമാകരുത് എന്ന് താല്പര്യം സംസ്ഥാന സര്‍ക്കാരിന്റേതും മുഖ്യമന്ത്രി പിണറായി വിജയന്റേതും പിന്നെ സിപിഎമ്മിന്റെയും മാത്രം താല്പര്യമാണ്. ആ താല്പര്യം യജമാനന്റെ ശബ്ദമായി (His Master’s Voice) ടിക്കാറാം മീണയിലൂടെ പുറത്തുവന്നതാണ് സാധാരണക്കാരെ സംശയത്തിലേക്കും ആരോപണങ്ങളിലേക്കും ഒക്കെ നയിച്ചത്. ആരോപണങ്ങള്‍ തെറ്റാണെന്ന് പറയാനാകാത്ത സാഹചര്യത്തിലേക്കാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കേരളഘടകം നീങ്ങിയത്.

ഒരു രാഷ്ട്രീയപാര്‍ട്ടിക്കും വോട്ട് ചെയ്യാന്‍ ആഹ്വാനമില്ലാതെ ശബരിമല സംഭവം ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രം ശബരിമല കര്‍മ്മസമിതി സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ നിര്‍ദ്ദേശമനുസരിച്ച് നീക്കം ചെയ്തു. തലസ്ഥാനത്ത് വിജയം ഉറപ്പാക്കിയ കുമ്മനം രാജശേഖരന്റെ പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ കീഴ് ഉദ്യോഗസ്ഥര്‍ കാട്ടിയ അത്യുത്സാഹം രാഷ്ട്രീയ പക്ഷപാതത്തിന്റേതായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനായി ചുമതലപ്പെടുത്തിയിരുന്ന സബ്കളക്ടര്‍ പ്രിയങ്കയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംംഘത്തിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. നിഷ്പക്ഷവും നീതിനിഷ്ഠവുമായി പ്രവര്‍ത്തിക്കേണ്ട ഇവര്‍ കുമ്മനം രാജശേഖരന്റെ ബോര്‍ഡുകളും ചുവരെഴുത്തുകളും മാത്രം നീക്കം ചെയ്ത് ,ചട്ടവിരുദ്ധമാണെന്ന് ഉറപ്പുണ്ടായിട്ടും മറ്റുള്ളവരുടെ ബോര്‍ഡുകളും ചുവരെഴുത്തുകളും നീക്കം ചെയ്യാതിരുന്നത് യുക്തിസഹമാണോ?

സര്‍വ്വീസ് സംഘടനകളുടെ ഓഫീസുകളോ ചുമരുകളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് വ്യക്തമായ നിര്‍ദ്ദേശമുണ്ട്. റിസര്‍വ് ബാങ്കിന് മുന്നിലുള്ള എന്‍ ജി ഒ അസോസിയേഷന്‍ ഓഫീസിന്റെ ചുമരിലെ എഴുത്ത് പരാതി കിട്ടിയിട്ടും എന്തുകൊണ്ട് നീക്കം ചെയ്തില്ല. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ബേക്കറി ജംഗ്ഷനിലെ ചുമരില്‍ സി ദിവാകരന്റെ വോട്ട് അഭ്യര്‍ത്ഥന രേഖപ്പെടുത്തിയിട്ടുണ്ട്. പരാതി കിട്ടിയിട്ടും ഇതിലും നടപടി എടുത്തിട്ടില്ല. പട്ടം എസ് യു ടി ആശുപത്രിയുടെ ചുമരിലും സി ദിവാകരന്റെയും ശശി തരൂരിന്റെയും ചുമരെഴുത്തുകളും പോസ്റ്ററുകളും വ്യാപകമായി പതിച്ചു. പ്ലാമൂട് പട്ടം റോഡിലും പല ഭാഗത്തും ചട്ടവിരുദ്ധമായി ഇത് ആവര്‍ത്തിച്ചു. പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. അനധികൃത പോസ്റ്ററുകളും ചുവരെഴുത്തുകളും നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഉണ്ടാക്കിയ സെല്‍ വരുന്ന പരാതികളില്‍ ബി ജെ പിക്ക് എതിരായതു മാത്രം നടപടി എടുക്കുകയും ഒപ്പമുള്ള ഇടത്-വലത് മുന്നണികളുടെ പ്രചാരണങ്ങള്‍ തൊടാത്തതിന്റെ ഉദാഹരണങ്ങള്‍ മേല്‍പ്പറഞ്ഞവയില്‍ തന്നെയുണ്ട്.

ഇതൊക്കെ ടിക്കാറാം മീണയുടെ അറിവോ സമ്മതമോ കൂടാതെയാണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇടതുപക്ഷ അനുകൂലികളെ കയറൂരി വിട്ട് സര്‍ക്കാരിന്റെ ചട്ടുകമായി നിഷ്പക്ഷ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ അധ:പതിപ്പിച്ചത് മീണയുടെ കരിയര്‍ ചരിത്രത്തിലെ കരിനിഴല്‍ കൂടിയാണ്. ഇനിയെങ്കിലും ഇത് തിരിച്ചറിയാന്‍ മീണക്ക് കഴിഞ്ഞില്ലെങ്കില്‍ നഷ്ടമാകുന്നത് ഇതുവരെ ഉണ്ടാക്കിയെടുത്ത സല്‍പ്പേരാണെന്ന കാര്യം ശബരിമല അയ്യപ്പന്‍ സത്യം മീണ മനസ്സിലാക്കണം.

951 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close