തൃശൂര്‍: കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ വീട്ടിലെത്താന്‍ ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ സംഘം ചേര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചെന്ന് പരാതി. ഒളരിക്ക് സമീപമാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
ഓട്ടോ ഡ്രൈവര്‍ അജീഷിനെയും ഇയാളുടെ സുഹൃത്തിനുമെതിരെയാണ് പോലീസ് കേസെടുത്തത്. അജീഷ് മദ്യപിച്ചിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു.
എറണാകുളത്ത് ജോലി ചെയ്യുന്ന യുവതി തൃശൂര്‍ സ്വദേശിയായ യുവാവുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇവിടേയ്ക്ക് പോകാനാണ് യുവതി ഓട്ടോറിക്ഷയില്‍ കയറിയത്.
യാത്രക്കിടെ ഒളരിയില്‍ വെച്ച് മറ്റൊരാള്‍ ഓട്ടോയില്‍ കയറുകയും ഇയാള്‍ അപമാനിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്നാണ് യുവതിയുടെ പരാതി.
യുവതിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷിച്ചത്. ആള്ക്കാര് കൂടിയതോടെ അജീഷും സുഹൃത്തും ഓടി രക്ഷപ്പെട്ടു. പോലീസ് അന്വേഷണം തുടങ്ങിയതായി അറിയിച്ചു.