തൃശൂർ : തന്നെ പിന്തുണച്ച നടന് ബിജു മേനോനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഏതൊക്കെ നേതാക്കളാണ് ഇതിനു പിന്നില്ലെന്ന് തനിക്കറിയാമെന്നും ,ഭീഷണികൾ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.എന്തു വിലകൊടുത്തും ബിജു മേനോനെ താൻ സംരക്ഷിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നിരവധി താരങ്ങള്‍ ഉണ്ടായിരുന്നെന്നും, ബിജുവിനെതിരെയുള്ള ആക്രമണം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും സുരേഷ് ഗോപി പറഞ്ഞു.
സൗഹൃദ വേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയിലാണ് ബിജു മേനോൻ പങ്കെടുത്തത്.സുരേഷ് ഗോപിയെ ജനപ്രതിനിധിയായി ലഭിക്കുന്നത് തൃശൂരിന്റെ ഭാഗ്യമാണെന്ന് പറഞ്ഞ ബിജു താൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും മനുഷ്യ സ്നേഹിയായ ജനപ്രതിനിധിയാണ് സുരേഷ് ഗോപിയെന്നും പറഞ്ഞു.
സിനിമാ താരങ്ങൾ തന്നെ പരസ്യമായി പിന്തുണയ്ക്കാത്തത് അവർക്ക് ഭയമുള്ളതിനാലാണെന്ന് സുരേഷ് ഗോപി മുൻപ് പറഞ്ഞിരുന്നു.അതിനു പിന്നാലെയാണ് ബിജു മേനോൻ പിന്തുണയുമായി രംഗത്തെത്തിയത്.എന്നാൽ ഇതിനു ശേഷം നടൻ ബിജു മേനോനെതിരെ സിപിഎം പ്രവർത്തകരുടെ സൈബർ ആക്രമണം ആരംഭിച്ചു.നടന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് സൈബർ ഭീഷണികൾ ഉയരുന്നത്.
സുരേഷ് ഗോപിയെ പിന്തുണച്ചതിനാൽ ബിജു മേനോന്റെ സിനിമകൾ ബഹിഷ്ക്കരിക്കുമെന്നാണ് ഭീഷണി.അതേ സമയം തന്റെ സഹപ്രവർത്തകനെ ബിജു മേനോൻ പിന്തുണച്ചതിൽ അദ്ദേഹത്തിനു കരുത്ത് പകരുന്നവരും ഉണ്ട്.