ആവേശം പെരുമഴയായി പെയ്തിറങ്ങുകയായിരുന്നു പത്തനംതിട്ടയിൽ . പേമാരിയിലും,കൊടുങ്കാറ്റിലും ഉലയാത്ത നിശ്ചയദാർഢ്യമായിരുന്നു ജനങ്ങളിൽ.വൈകിട്ട് അഞ്ചുമണിയോടെ ആരംഭിച്ച റോഡ് ഷോയിൽ ആയിരങ്ങൾ പങ്കെടുത്തു.
എൻ ഡി എ സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് അമിത് ഷാ പത്തനംതിട്ടയിലെത്തിയത്. പേമാരിയ്ക്കും,കൊടുങ്കാറ്റിനും ഉലയ്ക്കാൻ കഴിയാത്ത വിശ്വാസത്തിന്റെ ബലമാണ് എൻ ഡി എ യ്ക്കുള്ളതെന്ന് അമിത് ഷാ പറഞ്ഞു.
അതേ സമയം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ വൈകിട്ട് അവസാനിക്കും. നാളെ വൈകിട്ട് അഞ്ചിനാണ് കൊട്ടിക്കലാശം. ചൊവ്വാഴ്ച കേരളം പോളിംഗ് ബൂത്തിലേയ്ക്ക്.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം ഏപ്രില്‍ 23-ന് നടക്കും. മെയ് 23-നാണ് ഫലപ്രഖ്യാപനം.
സംസ്ഥാനത്ത് ആകെ 243 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത് വയനാട്ടിലാണ്. 22 സ്ഥാനാർത്ഥികൾ. ആറ്റിങ്ങലിലാണ് രണ്ടാം സ്ഥാനത്ത്, 21 സ്ഥാനാർത്ഥികൾ. തിരുവനന്തപുരത്ത് 17ഉം കോഴിക്കോട് 15 സ്ഥാനാർത്ഥികളുമാണുള്ളത്.