തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കാനിരിക്കെ വാശിയേറിയ പ്രചാരണത്തിലാണ് മുന്നണികള്‍. പ്രചാരണം ഫോട്ടോഫിനിഷിലേക്ക് കടക്കവെ, മേല്‍ക്കൈ നേടാനായി വിശ്രമമില്ലാതെ മത്സരിക്കുകയാണ് മുന്നണികള്‍. ഇന്ന് വൈകിട്ട് ആറ് മണിക്ക് കലാശക്കൊട്ട് പൂര്‍ത്തിയാകുന്നതോടെ നിശബ്ദ പ്രചാരണത്തിലേക്ക് സംസ്ഥാനം നീങ്ങും.
കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 96 മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കുക. അവസാന മണിക്കൂറുകളില്‍ ആവേശത്തിലാണ് എല്ലാ മുന്നണികളും. സംസ്ഥാനത്ത് 2 കോടി 61 ലക്ഷം പേര്‍ക്കാണ് ഇക്കുറി വോട്ടവകാശമുള്ളത്.
വോട്ടര്‍മാരില്‍ 1 കോടി 26 ലക്ഷം പുരുഷന്മാരും 1 കോടി 34 ലക്ഷം സ്ത്രീകളുമാണ് ഉള്ളത്. 24,970 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. 3621 പോളിംഗ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനമുണ്ടാകും. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സൗകര്യവും ഉണ്ടാകും. 44,427 ബാലറ്റ് യൂണിറ്റുകളും 32,746 കണ്ട്രോള് യൂണിറ്റുകളും 57 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും സജ്ജീകരിക്കും.
ഏഴു ഘട്ടമായി നടക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കൂടുതല്‍ മണ്ഡലങ്ങള്‍ വിധിയെഴുതുന്നത് മൂന്നാം ഘട്ടത്തിലാണ്. കേരളത്തിന് പുറമെ ഗുജറാത്തിലെയും ഗോവയിലെയും മുഴുവന്‍ മണ്ഡലങ്ങളും ചൊവ്വാഴ്ച വിധിയെഴുതും. കര്‍ണാടകയിലും മഹാരാഷ്ട്രയിലും പതിനാലു മണ്ഡലങ്ങളില്‍ വീതമാണ് വേട്ടെടുപ്പ്. യുപിയില്‍ പത്തും, ഛത്തീസ്ഗഡില്‍ ഏഴും, ഒഡീഷയില്‍ ആറും, പശ്ചിമ ബംഗാളിലും ബീഹാറിലും അഞ്ചും, അസാമില്‍ നാലും മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലെത്തും.