തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശം ആവേശമാക്കി തൃശ്ശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. മറ്റ് സ്ഥാനാര്‍ത്ഥികളെ അപേക്ഷിച്ച് വ്യത്യസ്തമായ പ്രചാരണമായിരുന്നു സുരേഷ് ഗോപിയുടേത്. ഭാര്യ രാധികയും മകനും സിനിമാ താരവുമായ ഗോകുല്‍ സുരേഷും പ്രചാരണ വാഹനത്തില്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഇടംപിടിച്ചു.
പ്രവര്‍ത്തകര്‍ തിങ്ങി നിറഞ്ഞ തൃശ്ശൂരില്‍ തുറന്ന വാഹനത്തിലാണ്
സുരേഷ് ഗോപി കുടുംബത്തോടൊപ്പം അണികളെ അഭിവാദ്യം ചെയ്തത്.സുരേഷ് ഗോപിയുടെ പ്രചാരണ വാഹനത്തിന് പിന്നിലായി ഒട്ടനവധി വാഹനങ്ങളാണ് അണിനിരന്നത്. ശക്തമായ പോരാട്ടം നടക്കുന്ന തൃശ്ശൂര്‍ മണ്ഡലത്തിലെ ആവേശം മുഴുവന്‍ പ്രകടമായ തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു കൊട്ടിക്കലാശത്തിലും കണ്ടത്.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന സുരേഷ് ഗോപിയുടെ കൊട്ടിക്കലാശം അക്ഷരാര്‍ത്ഥത്തില്‍ എന്‍ ഡി എയുടെ ശക്തി പ്രകടനമായി മാറുന്ന കാഴ്ചയാണ് കണ്ടത്. നാളെ സംസ്ഥാനത്ത് നിശബ്ദ പ്രചാരണം നടക്കും. ഏപ്രില്‍ 23-നാണ് വോട്ടെടുപ്പ്.