സത്യമപ്രിയം

ശ്രീലങ്ക അകലെയല്ല

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഇസ്ലാമിക ഭീകരര്‍ നടത്തിയ സ്‌ഫോടനത്തില്‍ മുന്നൂറോളം പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വിദേശസഞ്ചാരികള്‍ വരെയുള്ള ക്രിസ്തീയ സമൂഹമാണ് രണ്ട് പള്ളികളിലും മൂന്നു ഹോട്ടലുകളിലുമായി നടന്ന സ്‌ഫോടനത്തിന് ഇരയായത്. സ്‌ഫോടനത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച മുഹമ്മദ് സഹറാന്‍ ഹാഷിം തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഇസ്ലാമിക തീവ്രവാദികളുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതായും ഒരു തീവ്രവാദ ശൃംഖലയുടെ കണ്ണികള്‍ ഭാരതം മുഴുവന്‍ പടര്‍ന്നിരിക്കുന്നു എന്നതും സത്യമാണ്. സഹറാന്‍ ഹാഷിമുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന ഏതാനും പേരെ എന്‍ ഐ എ സംഘം കണ്ടെത്തിക്കഴിഞ്ഞു. പാലക്കാട് സ്വദേശിയായ റിയാസ് അബൂബക്കറിനെ എന്‍ ഐ എ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ എസ് നേരത്തെ ഏറ്റെടുത്തതാണ്. ചാവേറായി മാറിയ സഹറാന്‍ ഹാഷിമിന്റെ ശ്രീലങ്കയുടെ കിഴക്കന്‍ ഭാഗത്തുള്ള വസതിയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന റെയ്ഡ് നടത്തിയിരുന്നു. സുരക്ഷാസേന എത്തുമ്പോള്‍ വീട്ടിലുണ്ടായിരുന്നവര്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പൊട്ടിച്ചിതറുകയായിരുന്നു. സഹറാന്റെ പിതാവും രണ്ട് സഹോദരന്മാരും മരിച്ചവരില്‍പ്പെടുന്നു. 15 പേരാണ് ഈ ഏറ്റുമുട്ടലില്‍ മരിച്ചത്. വീട്ടിലുണ്ടായിരുന്ന മൂന്നുപേര്‍ ദേഹത്ത് വച്ചുകെട്ടിയ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിച്ചാണ് മരണം വരിച്ചത്. വീട്ടിലുണ്ടായിരുന്നവരില്‍ രണ്ടുപേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. സഹറാന്റെ ഭാര്യ ഫാത്തിമ സാദിയയും നാലുവയസ്സുകാരിയായ മകള്‍ റുസൈനയും .സാദിയ പള്ളിയില്‍ നടത്തിയ സ്‌ഫോടനത്തിലെ മുഖ്യ പ്രതിയാണ്. വീട്ടിലെ സ്‌ഫോടനത്തില്‍ പൊള്ളലും പരിക്കുമേറ്റ അവര്‍ ഇപ്പോഴും ചികിത്സയിലാണ്.

ശ്രീലങ്കയിലെ മൊത്തം ജനസംഖ്യ 22.4 ദശലക്ഷമാണ്. ഇതില്‍ 70.2 ശതമാനം ബുദ്ധമതക്കാരാണ്. 12.6 ശതമാനം ഹിന്ദുക്കളും 9.7 ശതമാനം മുസ്ലീങ്ങളും 7.4 ശതമാനം ക്രിസ്ത്യാനികളുമാണ്. ഇസ്ലാമിക ഭീകരവാദം തമിഴ് പ്രശ്‌നത്തിനു ശേഷമാണ് ശ്രീലങ്കയില്‍ ശക്തമായത്. തമിഴ്പുലി പ്രശ്‌നം സജീവമായിരുന്നപ്പോള്‍ തന്നെ ഐ എസ് പാക് ഇസ്ലാമിക ഭീകരരുടെ ഇടപെടലില്‍ ഇസ്ലാമിക ഭീകരത അവിടെ ബീജാവാപം ചെയ്തിരുന്നു. ശ്രീലങ്കയിലെ തമിഴര്‍ക്കും അല്ലാത്തവര്‍ക്കും തമിഴ്‌നാടുമായുള്ള ബന്ധവും നിരന്തരം അവിടേക്കുള്ള യാത്രയും ഉപയോഗപ്പെടുത്തി ഇന്ത്യയിലും ഇസ്ലാമിക ഭീകരതയുടെ കണ്ണികള്‍ ശക്തിപ്പെടുത്താനായിരുന്നു അവരുടെ ശ്രമം. കല്പാക്കം ആണവനിലയത്തിന്റെ രൂപരേഖയും വിശദാംശങ്ങളും ശേഖരിക്കാനും ചിത്രമെടുക്കാനും ശ്രമിച്ചത് ശ്രീലങ്കയില്‍ നിന്നുള്ള ഇസ്ലാമിക ഭീകരസംഘാംഗമായിരുന്നു. പാക്കിസ്ഥാനുവേണ്ടിയാണ് താന്‍ ഇത് ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ അയാള്‍ സമ്മതിച്ചിരുന്നു.

ഭീകരര്‍ക്ക് ആയുധം വരുന്ന വഴിയില്‍ ശ്രീലങ്കയും ഒരു കണ്ണിയാണെന്ന കാര്യം നേരത്തെ തന്നെ കണ്ടെത്തിയതാണ്. കേരളത്തില്‍ നിന്ന് യമനിലേക്കും സിറിയയിലേക്കും പോയ ഇസ്ലാമിക ഭീകരര്‍ ശ്രീലങ്കയാണ് ഇടത്താവളമായി ഉപയോഗപ്പെടുത്തിയതെന്ന കാര്യവും പുറത്തുവന്നതാണ്. തമിഴ്ഈഴത്തിന്റെ അവസാനത്തിനുശേഷം പൊടുന്നനെയാണ് ശ്രീലങ്കയില്‍ ഇസ്ലാമിക ഭീകരത ശക്തമായത്. ന്യൂസ്‌ലാന്റിലെ മുസ്ലീം പള്ളിയില്‍ നടന്ന വെടിവെയ്പിന് പകരമായാണ് ആ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത ശ്രീലങ്കയില്‍ ഇസ്ലാമിക ഭീകരത ആഞ്ഞടിച്ചത്. എട്ട് കേന്ദ്രങ്ങളിലാണ് സ്‌ഫോടനം നടന്നത്. കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളി നെഗംബോയിലെ സെന്റ് സെബാസ്റ്റിയന്‍സ് പള്ളി, ബെട്ടിക്കലോവയിലെ സിയോണ്‍ പള്ളി, കൊളംബോയിലെ സിനമണ്‍ ഗ്രാന്റ്, ഷാന്‍ഗ്രില, കിങ്‌സ്ബറി എന്നീ ഹോട്ടലുകള്‍, മൗണ്ട് ലാവിനിയായിലെ ദഹിവാല സൂ, മഹാവില ഗാര്‍ഡന്‍സിലെ ഒരു വീട് എന്നിവിടങ്ങളിലായിരുന്നു സ്‌ഫോടനം. സ്‌ഫോടനങ്ങളില്‍ മരിച്ചവരില്‍ ഇന്ത്യ, തുര്‍ക്കി, ചൈന, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുണ്ടായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ലോകരാഷ്ട്രങ്ങള്‍ ശ്രീലങ്കയ്ക്ക് സഹായവുമായി എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും അന്വേഷണത്തിലും ദുരന്തനിവാരണത്തിലും സഹായവുമായെത്തി. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെയും ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികളുടെയും സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്റര്‍പോളും ശ്രീലങ്കയ്‌ക്കൊപ്പമുണ്ട്. സംഭവത്തിന് ഏതാണ്ട് ഒരുമാസം മുന്‍പുതന്നെ വരാന്‍ പോകുന്ന മഹാവിപത്തിനെ കുറിച്ച് ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയതാണ്. ഈ മുന്നറിയിപ്പിന് അനുസരിച്ച് സുരക്ഷ ശക്തമാക്കാനോ ഇസ്ലാമിക ഭീകരതയ്ക്ക് എതിരെ നടപടിയെടുക്കാനോ ശ്രീലങ്കയിലെ ഭരണ നേതൃത്വത്തിന് കഴിയാതെ പോയതാണ് ഇപ്പോഴത്തെ ദുരന്തത്തിന് ഇടയാക്കിയത്. ഇതേത്തുടര്‍ന്ന് പോലീസ് മേധാവിയും പ്രതിരോധ സെക്രട്ടറിയും രാജിവച്ചിരുന്നു.

ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ ലോകം മുഴുവന്‍ നടുക്കം പ്രകടിപ്പിച്ചു. പക്ഷേ, കേരളത്തിലെ സാംസ്‌കാരിക നായകരോ ബുദ്ധിജീവികളോ ഇടതു നേതാക്കളോ ഇക്കാര്യത്തില്‍ കാര്യമായി പ്രതികരിച്ചു കണ്ടില്ല. അബ്ദുള്‍ നാസര്‍ മദനിയെ മോചിപ്പിക്കാന്‍ നിയമസഭയില്‍ മുന്നണിഭേദമില്ലാതെ പ്രമേയം പാസ്സാക്കുകയും മദനിക്ക് ജയില്‍ മോചിതനായപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയടക്കം പങ്കെടുത്ത സ്വീകരണമൊരുക്കുകയും ചെയ്ത സി പി എം ഇസ്ലാമിക ഭീകരതയെ അപലപിക്കാനോ സ്‌ഫോടനത്തില്‍ മരണമടഞ്ഞവരോട് സഹതപിക്കാനോ തയ്യാറായില്ല. സംഘടിത മതവിഭാഗമായ ഇസ്ലാമിന്റെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയമാണ് ലോകം മുഴുവന്‍ നടുക്കിയ ഈ സ്‌ഫോടനത്തിന് ഉത്തരവാദികളായ ഇസ്ലാമിക ഭീകരതയെ കേരളത്തിലെ സി പി എം തള്ളിപ്പറയാതിരിക്കാന്‍ കാരണം. കേരളത്തിലെ സി പി എമ്മിന്റെയും ഇടതു ബുദ്ധിജീവികളുടെയും ശരിയായ മുഖം തുറന്നുകാട്ടുന്നതാണ് ഈ സംഭവവികാസം. കാസര്‍ഗോഡ് നിന്ന് യെമനിലേക്കും സിറിയയിലേക്കും പോയ 10 കുടുംബങ്ങളുടെ വിശദാംശങ്ങള്‍ അന്വേഷിക്കാനുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസിന്റെ നിര്‍ദ്ദേശം സംസ്ഥാന പോലീസും പിണറായി വിജയന്റെ ആഭ്യന്തര പോലീസും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നു. പാസ്‌പോര്‍ട്ട് നിയമലംഘനത്തിനുള്ള കേസിലും ഇതു തന്നെയായിരുന്നു അവസ്ഥ.

കൂമന്‍കല്ല് പാലത്തിന്റെ ചുവട്ടില്‍ നിന്ന് പൈപ്പ് ബോംബ് കണ്ടെടുത്തത് തിരുനാവായയ്ക്കടുത്ത് പാലത്തിന്റെ കീഴില്‍ നിന്ന് സൈനിക ആയുധങ്ങളടക്കം കണ്ടെത്തിയത് ഗ്രീന്‍വാലിയിലെ ബോംബ് സ്‌ഫോടനം, കരിപ്പൂര്‍ വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് തുടങ്ങി രാഷ്ട്രീയ ഇടപെടലില്‍ അന്വേഷണം വഴി മുട്ടിയത് നിരവധി കേസുകളിലാണ്. ഇ കെ നായനാര്‍ വധശ്രമക്കേസില്‍ പോലും അന്വേഷണം വഴിമുട്ടുകയായിരുന്നു. ഇസ്ലാമിക ഭീകരതയോട് സി പി എമ്മും ഇടതുമുന്നണി സര്‍ക്കാരും സമരസപ്പെട്ടതാണ് ഈ പിന്‍വാങ്ങലിന്റെ കാരണം. ശ്രീലങ്കയില്‍ നിന്ന് കേരളത്തിലേക്കുള്ള ദൂരം വിമാനത്തില്‍ 45 മിനിറ്റും സ്പീഡ് ബോട്ടില്‍ ഏതാനും മണിക്കൂറുകളും ആണെന്ന കാര്യം മറക്കരുത്. ഹാഷിമുമായി ബന്ധമുള്ള ഭീകരരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. . കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

ഇസ്ലാമിക ഭീകരതയ്ക്കും തീവ്രവാദത്തിനും എതിര ശക്തമായ നടപടിയെടുക്കാന്‍ ഭീകരതയെ മുളയിലേ നുള്ളാനുള്ള അവസാന അവസരമാണിത്. മുസ്ലീങ്ങളെല്ലാം ഭീകരരാണ് എന്ന അഭിപ്രായമില്ല. പക്ഷേ, അറസ്റ്റിലാകുന്ന ഭീകരരെല്ലാം മുസ്ലീങ്ങളാണെന്ന അപ്രിയസത്യം മറക്കാനാകില്ല. ഭാരതത്തിന്റെ ഭരണം നരേന്ദ്രമോദിയും സുരക്ഷാകാര്യങ്ങള്‍ അജിത് ഡോവലും കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് ഇസ്ലാമിക ഭീകരത കാശ്മീരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നത്. ഭീകരതയുടെ ചങ്ങലക്കണ്ണികള്‍ തീര്‍ത്തിട്ടുള്ള ചങ്ങലക്കണ്ണികളെ വെട്ടിയെതുക്കാന്‍ കഴിഞ്ഞു എങ്കിലും വിപത്ത് ഇനിയും ഒഴിഞ്ഞിട്ടില്ല എന്നത് സത്യം.

885 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close