തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തിലെ 69,70 ബൂത്തുകളില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചു. മുഹമ്മദ് ഫായിസ്,അബ്ദുള്‍ സമദ്, മുഹമ്മദ് കെഎം എന്നിവരാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയതെന്ന് ടിക്കാറാം മീണ പറഞ്ഞു. ഇവര്‍ മൂന്ന് പേരും മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ്. ഇവര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം അറിയിച്ചു.
കെഎം മുഹമ്മദ് എന്നയാള്‍ മൂന്ന് തവണയും മുഹമ്മദ് ഫായിസ്,അബ്ദുള്‍ സമദ് എന്നിവര്‍ രണ്ട് തവണ വീതവും വോട്ട് ചെയ്തു. കള്ളവോട്ട് സംബന്ധിച്ച എല്ലാ പരാതികളിലും വിശദമായ അന്വേഷണം നടക്കുകയാണ്. പാര്‍ട്ടികളോ വ്യക്തികളോ നോക്കിയല്ല നടപടിയെടുക്കുന്നതെന്നും നിയമത്തിന്റെ വഴിക്ക് ശക്തമായി നീങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
പുതിയങ്ങാടി ജമാഅത്ത് സ്കൂളില്‍ സജ്ജീകരിച്ചിരുന്ന 69, 70 ബൂത്തുകളില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.
ചൂട്ടാടുള്ള പ്രാദേശിക നേതാവ് സൈനു നല്കിയ സ്ലിപ്പുമായാണ് ഫായിസ് വോട്ടുചെയ്യാനെത്തുന്നത് എന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.