ആലപ്പുഴ: ആലപ്പുഴ തുമ്പോളിയില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ 7 പേര് പിടിയില്‍. രണ്ട് പേരെ ഇനിയും പിടികൂടാനായിട്ടില്ല. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
സുഭാഷ്, ഷിബിന്‍, അരുണ്‍ മുരളീധരന്, അജിത്ത്, ആദര്‍ശ്, മണികണ്ഠന്, ജിനീഷ്
എന്നിവരാണ് പിടിയിലായത്. ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.
മൂന്നും നാലും പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഭവനഭേദനം, സംഘം ചേര്‍ന്നുള്ള ആക്രമണം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ പ്രൈവറ്റ് പ്രോപ്പര്‍ട്ടി ഡാമേജ് ആക്ടിലെ നാലാം വകുപ്പും ചേര്‍ത്തിട്ടുണ്ട്.
ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് തുമ്പോളിയില്‍ പ്രതികള്‍ അക്രമം അഴിച്ചുവിട്ടത്. അക്രമത്തില്‍ പതിനഞ്ചോളം വാഹനങ്ങള്‍ക്കും രണ്ട് വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ആലപ്പുഴ നോര്‍ത്ത് സി ഐ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.