പാലക്കാട്: പാലക്കാട് ചിറ്റൂരില്‍ കാറില്‍ സ്പിരിറ്റ് കടത്തിയ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അത്തിമണി അനിലാണ് അറസ്റ്റിലായത്. പാലക്കാട്-തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും ചിറ്റൂര്‍ റേഞ്ച് എക്സൈസ് സംഘമാണ് അനിലിനെ പിടികൂടിയത്. കഴിഞ്ഞ ഒന്നാം തിയ്യതി അനില്‍ ഓടിച്ച കാറില്‍ നിന്നും 625 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് ഇന്റലിജന്‍സ് പിടികൂടിയിരുന്നു. സ്പിരിറ്റ് പിടികൂടുന്നതിനിടെ ഇയാള്‍ കാറില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഈ കേസില്‍ രണ്ടാം പ്രതിയാണ് അനില്‍.
മുഖം രക്ഷിക്കാന്‍ സിപിഎം അത്തിമണി ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും അനിലിനെ പുറത്താക്കിയെങ്കിലും, ഒളിവില്‍ കഴിഞ്ഞിരുന്ന അനിലിനെ പിടികൂടാന്‍ സിപിഎമ്മിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം എക്സൈസ് തയ്യാറാവുന്നില്ലെന്ന ആരോപണമുയര്‍ന്നിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ അനിലിനെ പിടികൂടിയത്. സ്പിരിറ്റ് കേസില്‍ ഒരു പങ്കുമില്ലെന്നും പ്രാദേശിക സിപിഎം-ജനതാദള്‍ പ്രശ്നങ്ങളുടെ ബലിയാടാണ് താനെന്നും ഗൂഢാലോചന നടത്തിയത് ജനതാദള്‍ പ്രവര്‍ത്തകരാണെന്നുമാണ് അനില്‍ ഏക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. അനിലിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ കോടതിയില്‍ ഹാജരാക്കുകയുള്ളു.
ഇതിന് പുറമെ ഇയാളെ ഉദ്യോഗസ്ഥര്‍ വഴിവിട്ട് സഹായിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. കള്ള് ചെത്തുന്ന തോട്ടങ്ങളുടെ കണക്കെടുക്കാതെയും പരിശോധന നടത്താതെയും ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തി. അനിലിനെ സഹായിക്കുന്ന ചിറ്റൂരിലെ പൊലീസ്, സിപിഎം നേതാക്കളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.