ബാംഗ്ലൂര്‍: പരിസ്ഥിതി സംരക്ഷണത്തേക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന് വ്യത്യസ്തമായ രീതി കണ്ടുപിടിച്ചിരിക്കുകയാണ് കര്‍ണ്ണാടകയിലെ കവല് ബിലാസന്ദ്ര-യശ്വന്ത്പൂര്‍ റൂട്ടിലെ ബസ് ഡ്രൈവറായ നാരായണപ്പ.
തിരക്കേറിയ ബാംഗ്ലൂര്‍ സിറ്റിയില്‍ നിരവധി ആളുകളാണ് ദിവസേന ബസ് മാര്‍ഗം യാത്ര ചെയ്യുന്നത്.അതിനാല്‍ തന്നെ പരിസ്ഥിതി സംരക്ഷണത്തിനേക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന് ബസില്‍ ഒരു ‘മിനി ഗാര്ഡന്’ തന്നെ ഒരുക്കിയിരിക്കുകയാണ് നാരായണപ്പ.
27 വര്‍ഷമായി ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ (ബിഎംടിസി) ജോലി ചെയ്യുന്ന അദ്ദേഹം കഴിഞ്ഞ നാല് വര്‍ഷമായി ബസിലൊരുക്കിയിരിക്കുന്ന പൂന്തോട്ടം പരിപാലിച്ചു വരികയാണ്. 14-ഓളം വ്യത്യസ്ത തരം ചെടികള്‍ ബസിന്റെ മുന്നിലും പിന്നിലുമായി നട്ടുവളര്‍ത്തിയിട്ടുണ്ട്.ഡ്രൈവിംഗിനൊപ്പം ഇവയെ കൃത്യമായി പരിപാലിക്കുന്നതിലും ശ്രദ്ധാലുവാണ് നാരായണപ്പ.
‘ഇതൊരു മഹത്തരമായ പ്രവര്‍ത്തിയാണ്. തന്റെ തിരക്ക് പിടിച്ച ഓട്ടത്തിനിടയിലും പരിസ്ഥിതിയെ സംരക്ഷിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിക്കുന്നത് വലിയ കാര്യമാണ്.അദ്ദേഹത്തെ ഞാന്‍ അഭിനന്ദിക്കുന്നു’. നാരായണപ്പയുടെ ബസിലെ സ്ഥിരം യാത്രക്കാരിയായ ഗ്രെയ്സ് പറഞ്ഞു.
തിരക്കുകള്‍ക്കിടയിലും പ്രകൃതിയെ സ്നേഹിക്കാന്‍ സമയം കണ്ടെത്തുന്ന ബസ് ഡ്രൈവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകുകയാണ്.