ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കെതിരായ ലൈംഗികകാരോപണ പരാതി തള്ളി. സുപ്രീം കോടതി നിയോഗിച്ച ആഭ്യന്തര സമിതിയാണ് പരാതി തള്ളിയത്. യുവതിയുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ആഭ്യന്തര സമിതി വിലയിരുത്തി.
അതേസമയം, അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പരസ്യമാക്കില്ല. പരാതി സംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസിന് കൈമാറി.
ചീഫ് ജസ്റ്റിസ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കോടതിയിലെ മുന്‍ ജീവനക്കാരിയായിരുന്നു പരാതി നല്‍കിയത്.
ലൈംഗിക പീഡന പരാതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും ആരോപണം ഉന്നയിച്ച മുന്‍ ജീവനക്കാരിയും ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നില്‍ മൊഴി രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരിയുടെ ആരോപണം ജസ്റ്റിസ് പൂര്‍ണമായും നിഷേധിച്ചിരുന്നു.
അതേസമയം, സമിതിയുടെ അന്വേഷണവുമായി സഹകരിക്കില്ലെന്നായിരുന്നു പരാതിക്കാരിയുടെ നിലപാട്. എന്നാല്‍ അന്വേഷണവുമായി മുന്നോട്ട് പോകാനായിരുന്നു സമിതിയുടെ തീരുമാനം.