കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദുര്യോധനനോടുപമിച്ച എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്ക് അമിത് ഷായുടെ മറുപടി. ആരാണ് അര്‍ജുനനെന്നും ആരാണ് ദുര്യോധനനെന്നും മെയ് 23-ന് അറിയാമെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളിലെ ബിഷ്ണുപൂരിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
‘ഇത് ജനാധിപത്യമാണ്. നിങ്ങള്‍ ഒരാളെ ദുര്യോധനന് എന്ന് വിളിച്ചാല്‍ അയാള്‍ അങ്ങനെയാവില്ല. ആരാണ് അര്‍ജുനനെന്നും ആരാണ് ദുര്യോധനനെന്നും മെയ് 23-ന് കാണാം’. അമിത് ഷാ വ്യക്തമാക്കി.
പശ്ചിമബംഗാളില്‍ ബിജെപി 23 സീറ്റുകള്‍ നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം മമതാ ബാനര്‍ജിക്കെതിരേയും രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. പശ്ചിമബംഗാളിന്റെ വികസനത്തിനു വേണ്ടി 4,24,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയെന്നും എന്നാല്‍ ഈ പണം ചെന്നെത്തിയത് മമതയുടെ ഗുണ്ടകളുടെ പോക്കറ്റിലേക്കാണെന്നും അദ്ദേഹം ആരോപിച്ചു.
42 സീറ്റുകളുള്ള പശ്ചിമബംഗാളില്‍ ഇനി അവശേഷിക്കുന്ന 17 മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് തെരഞ്ഞെടുപ്പിന്റെ 6,7 ഘട്ടങ്ങളിലായാണ് നടക്കുക. മെയ് 23-നാണ് ഫലപ്രഖ്യാപനം.