ന്യൂ ഡല്‍ഹി: അഞ്ച് ഇന്ത്യന്‍ നാവികരെ നൈജീരിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയെന്ന വാര്‍ത്ത സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. നാവികരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
‘നൈജീരിയന്‍ കടല്‍ക്കൊള്ളക്കാര്‍ അഞ്ച് ഇന്ത്യന്‍ നാവികരെ തട്ടിക്കൊണ്ടു പോയെന്ന വാര്‍ത്ത ഞാന്‍ കണ്ടു. എത്രയും പെട്ടെന്ന് നാവികരെ മോചിപ്പിക്കാനുള്ള നടപടികള്‍ നൈജിരിയന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് കൈക്കൊള്ളാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്’. സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.
തന്റെ ഭര്‍ത്താവിനെ കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയെന്നും 10 ദിവസത്തിലധികമായി വിവരമൊന്നും തന്നെയില്ലെന്നും വിഷയത്തില്‍ ഇടപെടണമെന്നും കാണാതായ നാവികരില്‍ ഒരാളുടെ ഭാര്യയായ ഭാഗ്യശ്രീ ദാസ് വിദേശകാര്യ മന്ത്രിയോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രാലയത്തിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.