ന്യൂഡല്‍ഹി: രാജ്യത്തിന്റെ ദിശ നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ക്ലാസ് ലീഡറുടെ തെരഞ്ഞെടുപ്പല്ല ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. രാജ്യം ഏത് വഴിയേ പോകണമെന്നാണ് നിങ്ങള്‍ ഇപ്പോള്‍ തീരുമാനിച്ച് കൊണ്ടിരിക്കുന്നത്. 130 കോടി ഇന്ത്യക്കാരുടെ ഭാവിയാണ് ഇവിടെ തീരുമാനിക്കപ്പെടുന്നത്. ഇതില്‍ 65 ശതമാനവും 35 വയസില്‍ താഴെ പ്രായമുള്ളവരാണ്.
നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് രണ്ട് വഴികളില്‍ ഏത് വേണമെന്ന് തെരഞ്ഞെടുക്കാനുള്ള അവസരമാണിത്. കുടുംബമാണ് മുഖ്യം എന്ന് പറയുന്നവരെ വേണോ അല്ലെങ്കില്‍ രാജ്യത്തിനാണ് പ്രാമുഖ്യം എന്ന് പറയുന്നവരെ വേണോ എന്ന് തീരുമാനിക്കാം. തീവ്രവാദികള്‍ക്ക് സ്നേഹ സന്ദേശം അയക്കുന്നവരെ വേണോ അതല്ല തീവ്രവാദകള്‍ക്ക് അതേ നാണയത്തില്‍ ചുട്ട മറുപടി നല്‍കുന്നവരെ വേണോ. തുക്ഡേ-തുക്ഡേ സംഘത്തിനൊപ്പം നില്‍ക്കുന്നവരെ വേണോ അതോ നമ്മുടെ സൈന്യത്തിനൊപ്പം നില്‍ക്കുന്നവരെ വേണോ. ഇത് രാജ്യത്തെ ജനങ്ങള്‍ തീരുമാനിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ചിലര്‍ നമ്മുടെ പ്രതിരോധ കരാറുകളെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. നമ്മുടെ സേന ശക്തരല്ലാതായി കാണണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെന്നും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി പറഞ്ഞു.