ന്യൂഡല്‍ഹി: ബലാകോട്ടിലെ ഭീകരക്യാമ്പുകളില്‍ സേന നടത്തിയ വ്യോമാക്രമണം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകര വിരുദ്ധ ആക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. തെക്കന്‍ ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ട ഭീകരരുടെ കൃത്യം എണ്ണം നല്‍കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
‘ കൊല്ലപ്പെട്ട ഭീകരര്‍ എത്രയാണെന്ന് വ്യോമസേന എണ്ണണമായിരുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. ആഭ്യന്തര മന്ത്രി എന്ന നിലയിലും കൃത്യമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലും എനിക്ക് ഒരു കാര്യം പറയാനാകും. ബലാകോട്ട് വ്യോമാക്രമണം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആന്റി-ടെററിസ്റ്റ് ഓപ്പറേഷന് ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റതിന് ശേഷം പാകിസ്ഥാനിലേക്ക് ദൂതന്മാരെ അയക്കുന്നത് നിര്‍ത്തിയെന്നും, ഭീകരാക്രമണങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള മറുപടി നേരിട്ട് നല്‍കുകയാണെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.
170ലധികം ഭീകരര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഒരു ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തക പറഞ്ഞിരുന്നു. ഇതിന് പുറമെ നിരവധി ഭീകരര്‍ പ്രാദേശിക ആശുപത്രികളില്‍ ചികിത്സയും തേടിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. 2015ല്‍ അവര്‍ അധികാരത്തിലെത്തുമ്പോള്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് രാജ്നാഥ് സിംഗ് ആരോപിച്ചു.