ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഭാര്യ കോടതിയില്‍ ഹര്‍ജി നല്കി. ഈറോഡ് സ്വദേശിയായ രാധാകൃഷ്ണന്റെ ജാമ്യാപേക്ഷയാണ് ഭാര്യ ജില്ല കോടതിയില്‍ എതിര്‍ത്തത്. ഇയാള്‍ ഒട്ടേറെ സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ ഇനിയും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായും ഭാര്യ ഹര്‍ജിയില്‍ പറയുന്നു. തന്നോടും നിരവധി പേര് സമാനമായ പരാതി പറഞ്ഞിരുന്നതായും, ഇയാളുടെ സ്വഭാവം കൃത്യമായി മനസിലാക്കിയതിനാല്‍ വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
നിലവില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. നാല് വര്‍ഷമായി ഇയാള്‍ പീഡിപ്പിക്കുകയാണെന്ന് കാണിച്ചാണ് വിദ്യാര്‍ത്ഥിനിയുടെ കുടുംബം പരാതി നല്‍കിയത്. പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയതായും ഇവരുടെ പരാതിയിലുണ്ട്. ഇതിന് പുറമെ മറ്റൊരു യുവതിയും രാധാകൃഷ്ണനെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയിരുന്നു.