ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി പദം ആഗ്രഹിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒഡീഷയിലും ബംഗാളിലും കേരളത്തിലും ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘നരേന്ദ്ര മോദിയാണ് ഞങ്ങളുടെ നേതാവ്. അദ്ദേഹം തന്നെ വീണ്ടും പ്രധാനമന്ത്രിയാകും. എന്‍ഡിഎക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുന്നതിലൂടെ നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറും. എന്നാല്‍ ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചാലും മറ്റു കക്ഷികളെയും ഒപ്പം ചേര്‍ത്ത് എന്‍ഡിഎ ആയിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുക’. ഗഡ്കരി പറഞ്ഞു.
ബിജെപിക്ക് സീറ്റുകള്‍ കുറയുകയും മറ്റ് കക്ഷികളെ ആശ്രയിക്കേണ്ടി വരികയും ചെയ്താല്‍ നരേന്ദ്ര മോദിക്ക് പകരം മറ്റാരെയെങ്കിലും പരിഗണിക്കേണ്ടി വന്നാലുളള സാഹചര്യത്തെക്കുറിച്ച് പ്രതികരിക്കവേയാണ് നിതിന്‍ ഗഡ്കരി നിലപാട് പരസ്യപ്പെടുത്തിയത്. തെരഞ്ഞെടുപ്പിലെ കറുത്ത കുതിരയാകാന്‍ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.