ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ രണ്ട് പോളിംഗ് സ്റ്റേഷനുകളില്‍ റീ പോളിംഗ് നടത്തണമെന്ന നിര്‍ദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. മെയ് ആറിന് തെരഞ്ഞെടുപ്പ് നടന്ന രണ്ട് ബൂത്തുകളിലെ വോട്ടെടുപ്പാണ് അസാധുവാക്കിയത്. ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഞായറാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ ഇവിടെ വോട്ടെടുപ്പ് നടക്കും. ബാരക്പൂര്‍ നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷന് നം-116ലും അരംബഗ് നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷന് നം-110 ലുമാണ് റീപോളിംഗ് നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വോട്ടെടുപ്പില്‍ ക്രമക്കേടുകളുണ്ടെന്ന പരാതി ലഭിക്കുകയും, തുടര്‍ന്ന് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തിലാണ് വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.
റീപോളിംഗ് നടക്കുന്നുവെന്ന വിവരം വ്യാപകമായി ജനങ്ങളിലേക്ക് എത്തിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന് പുറമെ രാഷ്ട്രീയ പാര്‍ട്ടികളേയും അതാത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കും കൃത്യമായ വിവരം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. അഞ്ചാം ഘട്ടത്തില്‍ ഏഴ് സീറ്റുകളിലാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്.
പശ്ചിമ ബംഗാളിന് പുറമെ പുതുച്ചേരിയിലെ ഒരു പോളിംഗ് സ്റ്റേഷനിലെയും, ത്രിപുരയിലെ 168 പോളിംഗ് സ്റ്റേഷനുകളിലെ റീപോളിംഗ് നാളെ നടക്കുന്നുണ്ട്. പോളിംഗില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ 13 ബൂത്തുകളില്‍ റീപോളിംഗ് നടത്തുന്നുണ്ട്. തമിഴ്നാട്ടില്‍ ഈ മാസം 19നാണ് പുതുക്കിയ തിയതി നിശ്ചയിച്ചിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സത്യബത്ര സാഹുവാണ് ഇക്കാര്യം അറിയിച്ചത്.