ഗൊരഖ്പൂര്‍: കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തീവ്രവാദികളെ പിന്തുണയ്ക്കുന്നവരാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ മുന്‍ എസ്പി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ അഖിലേഷ് നേതൃത്വം നല്‍കിയിരുന്ന എസ്പി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ ഉണ്ടായിരുന്ന എല്ലാ കേസുകളും പിന്‍വലിച്ചു. അയോധ്യയിലെ രാമജന്മഭൂമിയും കാശി സങ്കട്മോചന് ക്ഷേത്രവും ആക്രമിച്ച എല്ലാ തീവ്രവാദികള്ക്കെതിരെയുമുള്ള കേസുകളും ഇക്കൂട്ടര്‍ പിന്‍വലിച്ചതായും യോഗി ആദിത്യനാഥ് ആരോപിച്ചു. ഗൊരഖ്പൂരില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിലെത്തുകയാണെങ്കില്‍ രാജ്യവിരുദ്ധ നിയമങ്ങളില്‍ ഇളവ് വരുത്തുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പറയുന്നത്. അതായത് അധികാരത്തിലെത്തിയാല്‍ അവര്‍ ഭീകരരേയും നക്സലുകളേയും പിന്തുണയ്ക്കുമെന്ന് പറയുന്നു. രാജ്യസുരക്ഷ വച്ചാണ് ഇവര്‍ കളിക്കുന്നത്. കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി പാര്‍ട്ടികള്‍ക്ക് വോട്ടര്‍മാര്‍ തക്കതായ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളില്‍ സേന നടത്തിയ പ്രത്യാക്രമണത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. പുല്‍വാമ ആക്രമണം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ അവരുടെ രാജ്യത്തെ തീവ്രവാദ ക്യാമ്പുകള്‍ തകര്‍ത്ത് കൊണ്ട് മോദിജി പാകിസ്ഥാന് ശക്തമായ മറുപടി നല്‍കിയെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. മുന്‍പ് നമ്മുടെ സൈനികരുടെ തലകള്‍ പാകിസ്ഥാന് അരിഞ്ഞ് വീഴ്ത്തുമ്പോഴും കോണ്‍ഗ്രസ് സര്‍ക്കാര്‍ നിശബ്ദരായിരിക്കുകയായിരുന്നു. ഇന്ന് പ്രധാനമന്ത്രി ഡല്‍ഹിയില്‍ ഇരുന്ന് സംസാരിക്കുമ്പോള്‍, പാക് പ്രധാനമന്ത്രി ഇസ്ലാമാബാദിലിരിക്കുമ്പോഴും ഭയപ്പെടുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തില്‍ മെയ് 19നാണ് ഗൊരഖ്പൂരിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴില്‍ അഞ്ച് ഘട്ടങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. മെയ് 12നും 19നും ആറും ഏഴും ഘട്ട വോട്ടെടുപ്പ് നടക്കും. മെയ് 23നാണ് വോട്ടെണ്ണല്‍.