NewsUAE

കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി യൂറോപ്പിലേക്ക്

ആഗോളതലത്തിലേക്ക്  വ്യാപിപ്പിക്കുന്നതിന്റെ ആദ്യപടിയായി കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി യൂറോപ്യൻ രാജ്യങ്ങളിലെ മലയാളി സമൂഹത്തിനു ഈ മാസം 17 മുതൽ ലഭ്യമാകും. ലണ്ടനിലെ മോണ്ട്കാം റോയൽ ലണ്ടൻ ഹൗസ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവഹിക്കും.  കെ.എസ്.എഫ്.ഇ.യുടേയും കിഫ്ബിയുടേയും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. ഇതിനോടനുബന്ധിച്ചു പ്രവാസി ചിട്ടിയെ പരിചയപ്പെടുത്തുന്നതിനു മെയ് 18നുHanley Castle High School, Church end, Worcester ലും Indian Community Hall, Bournemouth ലും കൂടാതെ മെയ് 19നു ഡബ്ലിനിലെ Carlton ഹോട്ടലിലും മലയാളി സൗഹൃദകൂട്ടായ്മകൾ സംഘടിപ്പിക്കുന്നു.

2018 നവംബർ ഇരുപത്തിമൂന്നാം തീയതി ലേലം ആരംഭിച്ച കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി അഞ്ച് മാസം കൊണ്ടുതന്നെ 7 കോടി  32 ലക്ഷം രൂപയുടെ പ്രതിമാസ ചിട്ടി ബിസിനസ്സ് കൈവരിച്ചുകഴിഞ്ഞു. പ്രാരംഭഘട്ടത്തിൽ യു.എ.ഇ യിലെ പ്രവാസി മലയാളികള്‍ക്ക് മാത്രം ലഭ്യമായിരുന്ന ഈ പദ്ധതി 2019 ഏപ്രിലോടെയാണ് എല്ലാ ജി.സി.സി രാജ്യങ്ങളിലേയ്‌ക്കും വ്യാപിപ്പിച്ചത്. ഇപ്പോഴിതാ യൂറോപ്പിലാകെയുള്ള മലയാളി സമൂഹത്തിനു കൂടി ഇത് കരഗതമാകുകയാണ്. ഇതുവരെയുള്ളതിൽ നിന്ന് വ്യത്യസ്തമായി രജിസ്‌ട്രേഷനും ചിട്ടിയിൽ ചേരുന്നതും ഒരുമിച്ചാണ് യൂറോപ്യൻരാജ്യങ്ങളിൽ ലഭ്യമാക്കുക, അതായത് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നവർക്ക് ഉടൻതന്നെ ചിട്ടിയിൽ ചേരുവാൻ കഴിയും.

ഇതോടൊപ്പംതന്നെ പ്രവാസികളുടെ നിരന്തര ആവശ്യമായ 10 ലക്ഷത്തിനുമേൽ സലയുള്ള ചിട്ടികളും വരിക്കാർക്കായി തുറന്ന് നൽകുന്നു. പ്രാരംഭമായി 30 മാസത്തെ 15 ലക്ഷത്തിന്റെ ചിട്ടിയും 25 മാസത്തെ 25ലക്ഷത്തിന്റെ ചിട്ടിയുമാണ് ഉണ്ടാകുക. പിന്നീട് ആവശ്യമനുസരിച്ച്  കൂടുതൽ ഉയർന്ന വരിസംഖ്യകൾ ഉള്ള ചിട്ടികൾ പ്രഖ്യാപിക്കുന്നതാണ്. ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ അനുസരിച്ചു്  ആദ്യവർഷം 10 ലക്ഷം വരെ സലയുള്ള ചിട്ടികൾക്കാണ് സൗജന്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്.  ആയതിനാൽ 10 ലക്ഷത്തിനുമേൽ ഉള്ള ചിട്ടികൾ non-insured ആയി ആയിരിക്കും തുടങ്ങുക. എന്നാൽ സാധാരണ പ്രവസിച്ചിട്ടികളുടെ ബാക്കി എല്ലാ സവിശേഷതകളും ഇവക്കുണ്ടാകും.

ചിട്ടിയിൽ ചേരുന്നതിന് പ്രവാസികൾക്ക് ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളുടെ നെറ്റ്ബാങ്കിങ്, ഡെബിറ്റ് കാർഡ്, UPIഎന്നിവയും പ്രവാസി രാജ്യങ്ങളിലെ ബാങ്കുകളുടെ ഇന്റർനാഷണൽ ഡെബിറ്റ് കാർഡുകളും ഉപയോഗിക്കാവുന്നതാണ്. വെബ്‌സൈറ്റ് വഴിയും ആൻഡ്രോയിഡ് ഐഫോൺ മൊബൈൽ ആപ്പ് വഴിയും വരിക്കാർക്ക് ചിട്ടികളുടെ ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. നിക്ഷേപമായി ചിട്ടിയെ കണക്കാക്കുന്ന വരിക്കാർക്ക് വിളിച്ചെടുക്കുന്ന ചിട്ടിത്തുക ചിട്ടികാലാവധി കഴിയുന്നതുവരെ ഉയർന്ന പലിശ ലഭിക്കുന്ന സ്ഥിരനിക്ഷേപങ്ങൾ ആക്കാവുന്നതും കാലാവധി കഴിയുമ്പോൾ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാവുന്നതുമാണ്. പണത്തിനു അത്യാവശ്യമുള്ള വരിക്കാർക്ക് ചിട്ടിത്തുക ഇനി അടക്കുവാനുള്ള തവണകൾക്ക് ജാമ്യം നൽകി ഇന്ത്യയിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈപറ്റാവുന്നതാണ്. വരിക്കാർക്ക് നേരിട്ടല്ലാതെ തന്നെ കേരളത്തിലെ ഏതു കെ.എസ്.എഫ്.ഇ. ബ്രാഞ്ചിലും ജാമ്യരേഖകൾ സമർപ്പിക്കുവാനും അതിന്റെ സ്റ്റാറ്റസ് ഓൺലൈനായി തത്സമയം നിരീക്ഷിക്കുവാനും കഴിയും.

പൂർണമായും ഓൺലൈനിൽ പ്രവർത്തിക്കുന്ന പ്രവാസി ചിട്ടിയിൽ നാളിതുവരെ 26059 പേർ രജിസ്റ്റർ ചെയ്യുകയും അവരിൽ 17172 പേർ കെ.വൈ.സി. പൂർത്തീകരിക്കുകയും ചെയ്തു. ഇതിൽ നിന്ന് 183 ചിട്ടികളിലായി5545 പേർ ചേർന്ന് കഴിഞ്ഞു. 685 ചിട്ടിലേലങ്ങൾ വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ട്. ചിട്ടി അടവായി പ്രവാസികളിൽ നിന്നും 25 കോടി 71 ലക്ഷം രൂപ സ്വരൂപിച്ചിട്ടുണ്ട്. ഇതുവരെ തുടങ്ങിയ ചിട്ടികളിൽ നിന്നുമാത്രം 225 കോടിരൂപയുടെ നിക്ഷേപം ചിട്ടി കാലാവധി കഴിയുമ്പോൾ പ്രതീക്ഷിക്കുന്നു. പ്രവാസികൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ,ഓൺലൈനായിതന്നെ ജാമ്യാരേഖകൾ കൈകാര്യം ചെയ്യുന്നത്, 24 മണിക്കൂറും പ്രവർത്തനസജ്ജമായ കാൾസെന്റർ എന്നിവ  പ്രവസിച്ചിട്ടിയെ വ്യത്യസ്തമാക്കുന്നു.

ചിട്ടിവഴി സമാഹരിക്കുന്ന തുക കിഫ്‌ബി വഴി കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ലഭ്യമാക്കുവാനും കഴിയുന്നു. കിഫ്‌ബി കേരളത്തിൽ നടപ്പിലാക്കുന്ന ഏതു വികസന പദ്ധതിക്കാണ് തങ്ങളുടെ തുക വിനിയോഗിക്കാനുള്ളതെന്ന് വരിക്കാരന് താല്പര്യം പ്രകടിപ്പിക്കുവാനും കഴിയും. നിലവിൽ ഏറ്റവും കൂടുതൻ വരിക്കാർ തിരഞ്ഞെടുത്തിരിക്കുന്നത് തീരദേശ ഹൈവേ പദ്ധതിയാണ്, തൊട്ടുപിന്നിലായി ഹൈടെക് സ്കൂൾ, ആശുപത്രികളുടെ നവീകരണം, ഐ.ടി. പാർക്കുകൾ എന്നിവയും ഉണ്ട്

0 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close