ന്യൂ ഡല്‍ഹി: ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ ആസൂത്രണ വിവരങ്ങള്‍ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോശം കാലാവസ്ഥയെ തുടര്‍ന്ന് ആക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കണമെന്ന അഭിപ്രായം ചിലര്‍ ഉയര്‍ത്തിയെങ്കിലും, വ്യോമാക്രമണം മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനം എടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. റഡാറുകളില്‍ നിന്ന് രക്ഷ തീര്‍ക്കാന്‍ മേഘാവൃതമായ കാലാവസ്ഥ സഹായകരമാകും എന്ന വിലയിരുത്തലും ഉണ്ടായി. തുടര്‍ന്ന് അര്‍ദ്ധരാത്രി 12 മണിയോടെയാണ് ആക്രമണവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക തീരുമാനങ്ങളുണ്ടാകുന്നത്. 1.30-ഓടെ നീക്കങ്ങള്‍ ആരംഭിച്ച് 2.55-ന് ദൗത്യം പൂര്‍ത്തിയാക്കിയെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് 3.20-ന് തനിക്ക് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ട് പ്രകാരം 12 മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. അതിര്‍ത്തിക്കടുത്തുള്ള ജയ്ഷെ മുഹമ്മദിന്റെ ഭീകരവാദ ക്യാംപുകള്‍ തകര്‍ക്കാനായി 1000 കിലോ ബോംബുകളാണ് വ്യോമസേന വര്‍ഷിച്ചത്. നമ്മുടെ സൈനിക വിഭാഗത്തിന്റെ നേട്ടങ്ങള്‍ കുറച്ചുകാണുന്ന അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ അഭിമാനമായ സേനയെ വിലകുറച്ചു കാണാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് പ്രതിപക്ഷത്തെ പേരെടുത്തു പറയാതെ പ്രധാനമന്ത്രി വിമര്‍ശിച്ചു. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് വ്യോമാക്രമണത്തിന്റെ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയത്.