കൊൽക്കത്ത: ബംഗാളിൽ ബിജെപി നേട്ടമുണ്ടാക്കുമെന്ന പ്രകാശ് കാരാട്ടിന്റെ പരാമർശത്തിൽ സിപിഎം വിശദീകരണം തേടി. ബംഗാളിൽ നിലവിലുള്ളതിനേക്കാൾ സീറ്റുകൾ ബിജെപിക്ക് ലഭിച്ചേക്കാമെന്നായിരുന്നു സ്വകാര്യാ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രകാശ് കാരാട്ട് പറഞ്ഞത്.
പരാമർശത്തിൽ ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ സിപിഎം ബംഗാൾ ഘടകം നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാരാട്ടിനോട് പാർട്ടി വിശദീകരണം തേടിയിരിക്കുന്നത്. ബംഗാളിൽ പ്രചാരണത്തിനെത്തിയ പ്രകാശ് കാരാട്ടിനോട് ഇക്കാര്യം നേരിട്ട് ചോദിച്ചിരുന്നതായി പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുർജ്യകാന്ത് മിശ്ര അറിയിച്ചു.