India

ഇന്ത്യയിലെ വോട്ടിംഗ് മെഷീൻ സമ്പ്രദായം മാതൃകാപരം; ഇന്ത്യയിലെ ആസ്ട്രേലിയൻ സ്ഥാനപതി

ന്യൂഡൽഹി: ഇന്ത്യയിലെ വിവിപാറ്റ് സമ്പ്രദായവും വോട്ടിംഗ് മെഷീൻ സമ്പ്രദായവും മാതൃകാപരമാണെന്ന് ഇന്ത്യയിലെ ആസ്ട്രേലിയൻ സ്ഥാനപതി ഹരീന്ദർ സിദ്ധു. കോടിക്കണക്കിന് വോട്ടർമാരെ കൃത്യമായി സമ്മതിദാനാവകാശം രേഖപ്പെടുത്താൻ സഹായിക്കുന്ന ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശ്രമങ്ങൾ പ്രശംസനീയമാണെന്നും അവർ പറഞ്ഞു. വോട്ടിംഗ് മെഷീനുകളുടെയും വിവിപാറ്റിന്റെയും പ്രവർത്തനത്തെയും അവർ പ്രശംസിച്ചു.

‘തികച്ചും ആവേശകരമായ അനുഭവമാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ. ഇത്രയധികം ആളുകളുടെ സമ്മതിദാനാവകാശം കൃത്യമായി രേഖപ്പെടുത്തപ്പെടുക എന്നത് അഭിനന്ദനമർഹിക്കുന്ന കാര്യം തന്നെയാണ്. കൃത്യമായ ഏകോപനത്തോടെ പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷനും ഉദ്യോഗസ്ഥരും മികച്ച ഒരു സംവിധാനത്തിന്റെ അടയാളങ്ങളാണ്.’ സിദ്ധു പറഞ്ഞു.

പേപ്പർ ബാലറ്റ് സംവിധാനം ഉപയോഗിക്കുന്നത് പ്രക്രിയയുടെ സമ്പൂർണതയിൽ വിട്ടുവീഴ്ചയ്ക്ക് ഇടയാക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

വിവിപാറ്റ് സമ്പ്രദായം സാർവത്രികമാക്കിയതോട് കൂടി മൊത്തം പ്രക്രിയയുടെ സുതാര്യത കൂടുതൽ വർദ്ധിച്ചതായും സിദ്ധു വ്യക്തമാക്കി.

എന്നാൽ ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളും ചില മാദ്ധ്യമങ്ങളും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്തിരുന്നു. അവ അനായാസമായി ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പിന്റെ ഫലത്തെ വരെ സ്വാധീനിക്കാൻ കഴിയുമെന്നും അവർ വാദിച്ചിരുന്നു. പേപ്പർ ബാലറ്റ് സംവിധാനം തിരികെ കൊണ്ട് വരണമെന്നതായിരുന്നു അവരുടെ ആവശ്യം. അവരുടെ ആരോപണങ്ങൾ ഓരോന്നായി തിരഞ്ഞെടുപ്പ് കമ്മീഷനും കോടതികളും തള്ളിക്കളഞ്ഞിരുന്നു.

50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണെണമെന്ന 21 പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം വസ്തുതാപരമല്ലെന്ന് കണ്ട് സുപ്രീം കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ പ്രതിപക്ഷപാർട്ടികളുടെ ഒരു സംഘം സുപ്രീം കോടതിയുടെ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഉത്തരവ് പുനപരിശോധിക്കാൻ കാതലായ കാരണങ്ങളൊന്നുമില്ലെന്ന് ശക്തമായ ഭാഷയിൽ വ്യക്തമാക്കിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആവശ്യം നിരാകരിച്ചത് പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയായിരുന്നു.

852 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close