യു എ ഇ യിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികൾക്ക് നിർദേശങ്ങളുമായി അബുദാബിയിലെ ഇന്ത്യൻ എംബസ്സി. ശമ്പളം മുടങ്ങുന്നതുൾപ്പടെയുള്ള വിവരങ്ങൾ യഥാസമയം അറിയിക്കണം എന്നതാണ് നിർദേശങ്ങളിൽ പ്രധാനം.
അബുദാബിയിലെ ഇന്ത്യൻ എംബസ്സിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഇന്ത്യൻ പ്രവാസികൾക്കുള്ള നിർദേശം പ്രസിദ്ധപ്പെടുത്തിയത്. ശമ്പളം മുടങ്ങുന്നത് പോലുള്ള പരാതികൾ കാലതാമസം കൂടാതെ എംബസിയിലോ, ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റിലോ നൽകണം എന്നതാണ് പ്രധാന നിർദേശം. ആറും, ഏഴും മാസം തുടർച്ചയായി ശമ്പളം മുടങ്ങുന്ന പരാതികൾ അധികൃതർക്ക് പരിഹരിക്കാൻ പ്രയാസം ആകുമെന്നും അതിനാൽ ശമ്പളം മുടങ്ങുന്ന സാഹചര്യം ഉണ്ടായാൽ ഉടൻ തന്നെ പരാതി ശ്രദ്ധയിൽ പെടുത്തണമെന്നും ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.
അർഹതപ്പെട്ട ശമ്പളം ലഭിക്കുന്നുണ്ട് എന്നുറപ്പ് വരുത്താൻ തൊഴിലാളികൾക്കും അവകാശമുണ്ട്. ശമ്പളം മുടങ്ങി ദുരിതത്തിലായ പ്രവാസികൾക്ക് വിമാന ടിക്കറ്റ് ഉൾപ്പടെ ലഭ്യമാകുന്ന സേവന പദ്ധതികളും ഇന്ത്യൻ എംബസിയും, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും നടപ്പാക്കിയിട്ടുണ്ട്. തുടർച്ചയായ മുന്നറിയിപ്പുകൾ നൽകിയിട്ടും തൊഴിൽ തട്ടിപ്പിൽ പെട്ട് നിരവധി പേരാണ് ഇപ്പോളും ഇന്ത്യയിൽ നിന്നും യു എ ഇ യിൽ എത്തുന്നത്. അംഗീകാരമില്ലാത്ത ഏജൻസികൾ വഴി വലിയ തുക നൽകി സന്ദർശക വിസയിലും മറ്റും എത്തുന്ന നിരവധി ആളുകൾ ഇപ്പോഴും ഉണ്ട്. അംഗീകാരമില്ലാത്ത ഏജൻസികൾ ചിലത് കണ്ടെത്തി നിയമനടപടികൾ സ്വീകരിച്ചു എന്നും അധികൃതർ അറിയിച്ചു.