ബദോഹി: ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് നീലം ശര്‍മ്മ പാര്‍ട്ടി സ്ഥാനം രാജി വച്ചു. പാര്‍ട്ടി പ്രാദേശിക നേതാക്കളെ അവഗണിക്കുകയാണെന്നും, പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി പുറത്ത് നിന്നെത്തിയവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കുകയാണെന്നും ആരോപിച്ചാണ് നീക്കം. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ രാമകന്ത് മാധവാണ് ഇവിടെ നിന്ന് കോണ്‍ഗ്രസിനായി മത്സരിക്കുന്നത്. ഇത് തങ്ങളെ സംബന്ധിച്ച് വളരെ അപ്രതീക്ഷിതമാണെന്നും, അദ്ദേഹം പാര്‍ട്ടിക്ക് വേണ്ടി യാതൊരു പ്രവര്‍ത്തനവും നടത്താതെ പുറത്ത് നിന്ന് എത്തിയ ആളാണെന്നും നീലം മിശ്ര ആരോപിച്ചു.
‘ യാദവ് സ്വയം കോണ്‍ഗ്രസിന്റെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് വളരെ അകലം പാലിച്ചാണ് നില്‍ക്കുന്നത്. അദ്ദേഹത്തിന് ഞങ്ങളാരും യാതൊരു വിധ പിന്തുണയും നല്‍കുന്നില്ല. പാര്‍ട്ടിയിലേക്ക് അയാള്‍ കോടികള്‍ നല്കിയിട്ടുണ്ടെന്നത് വ്യക്തമാണെന്നും നീലം പറഞ്ഞു.
അതേ സമയം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെയും നീലം മിശ്ര രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. വിഷയത്തില്‍ പരാതി ഉന്നയിക്കാനായി പ്രിയങ്കയെ സമീപിച്ചെങ്കിലും പ്രിയങ്ക തങ്ങളെ അപമാനിച്ച് വിട്ടതായാണ് നീലം ആരോപിച്ചത്. ‘ അവര്‍ വളരെ ദേഷ്യത്തിലായിരുന്നു, ഒരു പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഒരിക്കലും പ്രയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളാണ് അവര്‍ ഉപയോഗിച്ചത്. അതിലുപരിയായി ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് സംസാരിക്കേണ്ടുന്ന രീതി അവര്‍ മറന്നുവെന്നും’ നീലം മിശ്ര പറഞ്ഞു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നതിന് പകരം പാര്‍ട്ടി പ്രവര്ത്തകരെല്ലം എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ രംഗനാഥ് മിശ്രയ്ക്ക് പിന്തുണ നല്കാന് തീരുമാനിച്ചതായും അവര്‍ വ്യക്തമാക്കി.
വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. പ്രിയങ്ക മോശം വാക്കുകള്‍ ഉപയോഗിച്ചത് കൊണ്ട് രാജി വയ്ക്കുകയാണെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. എല്ലാവരോടും സ്നേഹത്തോടെ പെരുമാറണമെന്ന കോണ്‍ഗ്രസിന്റെ കപട തത്വമാണ് ഇവിടെ പൊളിഞ്ഞ് വീണതെന്നും ബിജെപിയുടെ സമ്പദ് മിശ്ര ആരോപിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിലാണ് ബദോഹിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. മെയ് 19നാണ് ഏഴാം ഘട്ടം.