ഗാങ്ങ്ടോക്ക്: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് സിക്കിമില്‍ 300 ഓളം യാക്കുകള്‍ തീറ്റകിട്ടാതെ ചത്തു. മുകുതാങ്, യുംതാങ് എന്നിവിടങ്ങളില്‍ ഇരുപത്തിയഞ്ചോളം കുടുംബങ്ങള്‍ വളര്‍ത്തിയിരുന്ന യാക്കുകളാണ് ചത്തത്. ബാക്കിയുള്ള യാക്കുകളെ രക്ഷിക്കാനായി ശ്രമങ്ങള്‍ ആരംഭിച്ചതായി കളക്ടര്‍ രാജ്കുമാര് യാദവ് പറഞ്ഞു.
മുകുതാങ്, യുംതാങ് എന്നിവിടങ്ങളിലുള്ളവര്‍ യാക്കുകളെ മേച്ചും അവയുടെ പാല്‍കൊണ്ടും ജീവിക്കുന്നവരാണ്. സമുദ്രനിരപ്പില്‍ നിന്ന് 1500 അടി ഉയരത്തിലാണ് ഇവര്‍ ജീവിക്കുന്നത്. ഈ വര്‍ഷം കൊടും തണുപ്പുമൂലം മൃഗങ്ങളെ അവിടെ ഉപേക്ഷിച്ച് സ്വന്തം ജീവന് രക്ഷിക്കാനായി ഇവര്‍ താഴ്വാരങ്ങളിലേക്ക് പോയിരുന്നു. ഡിസംബറില്‍ തുടങ്ങിയ കനത്ത മഞ്ഞുവീഴ്ച മൂലം യാക്കുകള്‍ തീറ്റകിട്ടാതെ ചാവുകയായിരുന്നു.
എല്ലാവര്‍ഷവും പത്ത്, പതിനഞ്ച് യാക്കുകള്‍ തണുപ്പിലും ഭക്ഷണം കിട്ടാതെയും ചാകാറുണ്ട് എങ്കിലും ഈ വര്‍ഷമാണ് ഇത്രയും വലിയ ദുരിതമുണ്ടായത്. അഞ്ചു ദിവസം മുമ്പ്
മഞ്ഞുരുകിയതിന് ശേഷമാണ് ഇവിടേക്കുള്ള വഴി ഗതാഗതയോഗ്യമാക്കിയത്.
ജീവനോടെ ശേഷിക്കുന്ന യാക്കുകളെ പരിചരിക്കാന്‍ മൃഗസംരക്ഷണ വകുപ്പിന്റെ വൈദ്യസംഘവും ഇവിടേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്.